പണ്ട് ഒരുവര്‍ഷം നീണ്ട പദയാത്ര നടത്തിയാണ് ആന്ധ്രപ്രദേശില്‍ വൈഎസ് രാജശേഖരറെഡ്ഡി ഭരണം പിടിച്ചത്. സ്വന്തം നാടായ കടപ്പയില്‍ തുടങ്ങിയ ആന്ധ്ര മുഴുവന്‍ ചുറ്റി തലസ്ഥാനമായ ഹൈദരാബാദില്‍ യാത്രയെത്തിയപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കസേരയിളകി. പിന്നീടുള്ള ഒരു പതിറ്റാണ്ട് ആന്ധ്ര രാഷ്ട്രീയത്തില്‍ നിറഞ്ഞു നിലക്കാനും ജനങ്ങളെ അടുത്തറിയാനും വൈഎസ്ആറിനെ സഹായിച്ചത് ഈ യാത്രയായിരുന്നു.
വൈഎസ്ആറിന്റെ യാത്രയ്ക്ക് കേരള രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന് പാലക്കാട്ടേക്ക് ഒന്നു കണ്ണെറിഞ്ഞാല്‍ മതി. സിപിഎമ്മിന്റെ കോട്ടകളിലൊന്നായ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് കൊടുംചൂടും അവഗണിച്ച് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് നടത്തുന്ന പദയാത്രയാണ് ഇപ്പോള്‍ എങ്ങും സംസാരവിഷയം. ജയ്ഹോ എന്നുപേരിട്ടിരിക്കുന്ന യാത്ര അക്ഷരാര്‍ഥത്തില്‍ ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിന് പാലക്കാട്ട് യൗവനം നല്‍കിയെന്ന് എതിരാളികള്‍ പോലും പറയുന്നു.
പാലക്കാട് ജില്ലയില്‍ 25 ദിവസങ്ങള്‍ കൊണ്ട് കാല്‍നടയായി 361 കിലോമീറ്ററുകള്‍ സഞ്ചരിച്ച് 100 പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുള്ളതാണ് ജില്ല പ്രസിഡന്റിന്റെ പദയാത്ര. കേരളത്തിലെന്നല്ല, രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു ജില്ലയില്‍ 361 കിലോമീറ്റര്‍ കാല്‍നടയായി പദയാത്ര സംഘടിപ്പിക്കുന്നത്. വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള കൂട്ടായ്മയും ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയുമാണ് യാത്രയുടെ ലക്ഷ്യങ്ങള്‍.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മുന്നിലേക്കും പദയാത്രയുടെ വിവരങ്ങള്‍ എത്തിയിട്ടുണ്ട്. യാത്രയെക്കുറിച്ച് പഠിക്കാന്‍ ഒരു സംഘത്തെ തന്നെ പാലക്കാട്ടേക്ക് അയയ്ക്കുകയും ചെയ്തു. ശ്രീകണ്ഠന്റെ ജയ്ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ജയ്ഹോയുടെ ഇതുവരെയുള്ള പൂര്‍ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പാലക്കാട് ഡിസ സിക്ക് നിര്‍ദ്ദേശം നല്കി. ഇനി തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ രാജ്യത്തെ ഡിസിസി പ്രസിഡന്റുമാരോട് ജയ്ഹോ മോഡലില്‍ പദയാത്രകള്‍ക്ക് രൂപം നല്കാന് നേതൃത്വം ആവശ്യപ്പെട്ടേക്കും.
ഗ്രാമങ്ങള്‍ തോറും കാല്‍നടയായുള്ള ഡി സി സി അധ്യക്ഷന്റെ യാത്രയെ കാലാകാലങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതെ മാറി നിന്നിരുന്ന പ്രവര്‍ത്തകര്‍ പോലും ആവേശത്തോടെയാണ് സ്വീകരിച്ചത്. ജയ്ഹോ’ യാത്രയിലൂടെ രണ്ടര വര്‍ഷമായി പാര്‍ട്ടിയുമായി അകന്ന് നിന്നിരുന്ന പ്രമുഖ നേതാക്കള്‍ പോലും പാര്‍ട്ടിയിലേക്ക് മടങ്ങിവന്നെന്ന് നേതൃത്വം അവകാശപ്പെടുന്നു. ബി ജെ പി, ജനതാദള്‍, സി പി എം പാര്‍ട്ടികളില്‍ നിന്നായി ഇതിനോടകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.