ബാലന്‍സ് വാങ്ങാതെ യുവാവ് ഇറങ്ങിപ്പോയി! ബസില്‍ നിന്ന് ഓടിയിറങ്ങി, യുവാവിന്റെ പിന്നാലെ ചെന്ന് തുക തിരിച്ചു നല്‍കി കണ്ടക്ടര്‍; ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറുടെ പ്രവര്‍ത്തിയെക്കുറിച്ച് കുറിപ്പ് വൈറലാവുന്നു

കണ്ടക്ടര്‍മാരുടെ സ്ഥിരം തട്ടിപ്പുകളില്‍ ഒന്നാണ് ടിക്കറ്റിന് കൊടുത്ത തുകയുടെ ബാക്കി കൊടുക്കാതെ പറ്റിക്കുക എന്നത്. പരമാവധി യാത്രക്കാരന്‍ മറന്ന് പോകുന്നതുവരെ ബാലന്‍സ് കൊടുക്കാതെയുമിരിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ ഈ പ്രവണത കുറച്ച് കൂടുതലാണെന്നാണ പറയപ്പെടുന്നതും.

ഇപ്പോഴിതാ പൊതുവെയുള്ള ആ പറച്ചിലിന് വിഭിന്നമായി യുവാവ് നല്‍കിയ തുകയ്ക്ക് ബാലന്‍സ് നല്‍കാനായി ബസില്‍ നിന്നും ചാടിയിറങ്ങി യുവാവിന്റെ പിന്നാലെ ഓടി ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നു.

യാത്രക്കാരനായ ഒരു യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വ്യത്യസ്തനും സത്യസന്ധനുമായ കണ്ടക്ടറെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.

മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച രാത്രി 8 മണിക്ക് ആലുവക്കടുത്ത് അത്താണിയില്‍ നിന്നും തൃശ്ശൂരിലേക്ക് പാലക്കാടിനുള്ള ഒരു SF ല്‍ യാത്ര ചെയ്യുകയുണ്ടായി. സാമാന്യം നല്ല തിരക്കായിരുന്നു ബസില്‍. മിക്ക സ്ഥലത്തുനിന്നും യാത്രക്കാര്‍ കയറാനും ഉണ്ടായിരുന്നു. ഈ തിരക്കിനിടയില്‍ ടിക്കറ്റ് കൊടുക്കുവാന്‍ കണ്ടക്ടര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

ബസ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന്റെ മുന്‍വശം ആളെ ഇറക്കുന്നതിനായി നിര്‍ത്തിയ സമയം, മുന്‍വശത്തെ ഡോറില്‍ കൂടി ഇറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഒരു ഓട്ടോയില്‍ കയറി പോകുവാന്‍ തുടങ്ങിയപ്പോള്‍ ഈ കണ്ടക്ടര്‍ ഒച്ചവെച്ച് ഓട്ടോ നിര്‍ത്തിച്ച് അതിന്റെ അടുത്തേക്ക് ചെന്നു. ഈ സമയം ബസില്‍ ഉണ്ടായിരുന്നവര്‍ അയാള്‍ കണ്ടക്ടര്‍ക്ക് പൈസ കൊടുക്കാതെ പോയതാണെന്ന് പറയുന്നുണ്ടായിരുന്നു.

എന്നാല്‍ അയാളുടെ കൈയില്‍നിന്ന് ടിക്കറ്റ് വാങ്ങി പുറകില്‍ രേഖപ്പെടുത്തിയ ബാക്കി നോക്കി അയാള്‍ക്ക് 425 രൂപ കൊടുക്കുകയാണ് ചെയ്തത്. ഈ പ്രവൃത്തിയില്‍ അത്ഭുതപ്പെട്ടുപോയ ആ ചെറുപ്പക്കാരന്‍, കണ്ടക്ടര്‍ എനിക്ക് വിളിച്ചു ബാക്കി തന്നു എന്ന് വളരെ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. തുക എത്ര വലുതോ ചെറുതോ എന്നതല്ല പ്രസക്തം, ചെയ്ത പ്രവൃത്തിയാണ് മഹത്തരം. ചെയ്യുന്ന ജോലിയോടും സ്ഥാപനത്തോടും കൂറും സത്യസന്ധതയുമുള്ള ഇത്തരക്കാരാണ് ആ സ്ഥാപനത്തിന്റെയും നാടിന്റെയും സമ്പത്ത്.

(ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ സൂരജ് ആണ് താരം)

Related posts