കോഴിക്കോട്: അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദേശം. അഞ്ച് സീറ്റ് വരെ ഉറപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെയും നേതാക്കളെയും ഉത്തേജിപ്പിക്കാന്‍ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദഗൗഡ തുടങ്ങി നേതാക്കളുടെ വന്‍നിര കേരളത്തിലെത്തുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്. അതിനു മുന്‍പായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ മനസറിയാന്‍ ബിജെപി അഭിപ്രായശേഖരണം തുടങ്ങി.
ഓരോ മണ്ഡലത്തിലും പരിഗണിക്കപ്പെടാവുന്നവരുടെ പേരുകള്‍ പാര്‍ട്ടി കോര്‍കമ്മിറ്റി തയാറാക്കിയിരുന്നെങ്കിലും അത് കേന്ദ്ര പരിഗണനയ്ക്ക് അയക്കുന്നതിന് മുന്‍പ് സാധാരണ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായമറിയണമെന്നാണ് നിര്‍ദേശം.
മണ്ഡലം ഭാരവാഹികള്‍മുതല്‍ മുകളിലേക്കുള്ളവരില്നിന്നാണ് അഭിപ്രായം ശേഖരിക്കുന്നത്. ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ സീറ്റുകളും ഘടകക്ഷികള്‍ക്ക് നല്‍കാനാണ് ബിജെപി നേതൃത്വം ആലോചിച്ചിട്ടുള്ളത്. ചാലക്കുടിയും എറണാകുളവും ആലപ്പുഴയും ബിഡിജെഎസിനും കോട്ടയം പി.സി. തോമസിനും നല്‍കാനാണ് തീരുമാനം.
അതേസമയം തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള അഭിപ്രായശേഖരണത്തിന് ഒ.രാജഗോപാല്‍ എംഎല്‍എ, സി.കെ.പത്മനാഭന് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ഒ.രാജഗോപാല്‍ .
കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണ് സികെപിക്കുള്ളത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കുന്നമംഗലത്ത് ബിജെപി സ്ഥാനാര്‍ഥികൂടിയായിരുന്നു സി.കെ.പത്മനാഭന്. കേരളത്തിലെ പാര്ട്ടിയുടെഎക എംഎല്‍എ ആയ ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ തന്നെ പ്രചരണ പരിപാടികള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.
അതിനിടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന നാല് മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കമാകും. ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, കെ.സുരേന്ദ്രന് എന്നിവരാണ് മേഖലാ ജാഥകള്‍ നയിക്കുന്നത്. “കേരളവും മോദിയോടൊപ്പം-വീണ്ടും വേണം മോദി ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം.