പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാലാകോട്ടിലെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ വ്യോമസേന ബോംബാക്രമണം നടത്തിയതായി അവിടുത്തെ ഒരു വിദ്യാര്‍ഥിയുടെ ബന്ധുനല്‍കിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യന്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ പാക് സൈന്യം ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 26 ന് പുലര്‍ച്ചെ വലിയ സ്ഫോടന ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. വളരെ അടുത്തായിട്ടാണ് കാതടപ്പിക്കുന്ന ശബ്ദമുണ്ടായത്.
ഭൂചലനമാണെന്നാണ് ആദ്യം കരുതിയത്. ഉടന്‍ തന്നെ സ്ഥലത്ത് പാക് സൈന്യം എത്തുകയും അവിടെ നിന്നും കൂട്ടികൊണ്ട് പോവുകയും ചെയ്തു. ധാരാളം പേര് മദ്രസയിസയിലുണ്ടായിരുന്നുവെങ്കിലും അവരെല്ലാവരും തങ്ങളെ സൈന്യം എത്തിച്ച സുരക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നില്ലെന്നും ബാക്കിയുള്ളവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് സൈന്യം വെളിപ്പെടുത്തിയില്ലെന്നും വിദ്യാര്‍ഥിയുടെ ബന്ധു പറഞ്ഞു.
മൂന്ന് ദിവസത്തോളം സൈന്യം മദ്രസയിലുള്ളവരെ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിച്ചു. ഇതിന് ശേഷം അവരവരുടെ വീടുകളിലേക്ക് തിരിച്ച് പോവാന്‍ സൈന്യം അനുവദിച്ചു. ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലന കേന്ദ്രമായ തലീം ഉല് ഖുറാനെ ലക്ഷ്യം വച്ചാണ് വ്യോമസേന ബോംബാക്രമണം നടത്തിയത്.