ഏറ്റുമാനൂർ: കാർ പാഞ്ഞുകയറി അതിദാരുണമായി മരിച്ച പേരൂർ കാവുംപാടം കോളനിയിൽ ആതിര വീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(46) മക്കളായ അന്നു (19), നൈനു (16) എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കും. രാവിലെ ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. തെള്ളകം പൊതുശ്മശാനത്തിൽ മൂന്നിന് സംസ്കാരം നടക്കും.
മണർകാട് – ഏറ്റുമാനൂർ ബൈപാസ് റോഡിൽ പേരൂർ കണ്ടംചിറ കവലയ്ക്കും പള്ളിക്കൂടം കവലയ്ക്കും മധ്യേ പേരൂർകാവ് ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് നാടിനെ നടുക്കിയ അപകടം. ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലെജിയുടെ വൈക്കത്തെ വീട്ടിലേക്കു പോകുന്നതിന് ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു മൂവരും.
ഈ സമയം ഏറ്റുമാനൂർ ഭാഗത്തു നിന്ന് പാഞ്ഞു വന്ന കാർ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലും ഇടിച്ച കാറിന്റെ ഡ്രൈെവർ പേരൂർ മുള്ളൂർ ഷോണ്‍ മാത്യു (19) വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അന്നുവും നൈനുവും മരണത്തിന് കീഴടങ്ങിയിരുന്നു. ലെജി രാത്രിയിലാണ് മരിച്ചത്.
ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുകയായിരുന്നു മാരുതി റിറ്റ്സ് കാർ നിയന്ത്രണം വിട്ടു വഴിയേ നടന്നുപോയ മൂവരുടെയും മേൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും 10 മീറ്ററോളം ദൂരത്തിലേക്ക് തെറിച്ച്് പോയി. അന്നു ഇടിയുടെ ആഘാതത്തിൽ അടുത്ത പറന്പിലെ തെങ്ങിൻ ചുവട്ടിലേക്കും ലെജിയും നൈനുവും റോഡ് സൈഡിലേക്കുമാണ് തെറിച്ച് വീണത്.
മൂവരെയും ഇടിച്ച് തെറിപ്പിച്ച കാർ തൊട്ടടുത്ത താഴെത്തപറപ്പള്ളിൽ സജികുമാറിന്റെ പൂരയിടത്തിലേക്ക് ഇടിച്ച് കയറി തേക്ക് മരത്തിൽ ഇടിച്ചാണ് നിന്നത്. കാറിൽ നിന്നും പുറത്തെടുത്ത ഡ്രൈവർ ഷോണിനെ നാട്ടുകാർ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രീഷ്മാ രമേശൻ, എസ് ഐ കെ.ആർ.പ്രശാന്ത്കുമാർ, ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശവും വലത് ഭാഗവും പൂർണമായും തകർന്നു. വണ്ടിയുടെ എൻജിനടക്കം കാറിന്റെ ഉള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു.
കാർ ഡ്രൈവറെ കാറിനുള്ളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനിടയിൽ മറ്റൊരു വണ്ടി തന്റെ കാറിലിടിച്ചതായി ഷോണ്‍ നാട്ടുകാരോട് പറഞ്ഞു. എന്നാൽ റോഡിൽ മറ്റൊരിടത്തും വാഹനങ്ങൾ കൂട്ടിയിടിച്ചതായ യാതൊരു വിധ അടയാളങ്ങളും കണ്ടെത്താനായില്ല.
മരിച്ച അന്നു വൈക്കം സെൻറ് സേവ്യേഴ്സ് കോളജിലെ ബികോം വിദ്യാർഥിനിയാണ്. വൈക്കം വാഴമനയിൽ അമ്മ ലെജിയുടെ തറവാട്ട് വീട്ടിൽ നിന്നു പഠിക്കുന്ന അന്നു അവധിക്ക് പേരൂരിൽ എത്തിയതാണ്. നൈനു കാണക്കാരി വിഎച്ച്എസിയിൽ പ്ലസ് ടു വിദ്യാർഥിനിയാണ്.ഇവരുടെ പിതാവ് ബിജു തടിപ്പണിക്കാരനാണ്.മുത്തസഹോദരി ആതിര എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.