സിയാറ്റില്‍: രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിധിച്ച പലരും വൈദ്യശാസ്ത്രത്തിന്റെ മികവിനാല്‍ അഭ്ദുതകരമായി രോഗശാന്തി നേടിയിട്ടുണ്ട്. ഇത്തവണ ആ അഭ്ഭുതത്തിന് പാത്രമായതാകട്ടെ ലണ്ടന്‍ സ്വദേശിയായ എയ്ഡ്സ് രോഗിയും. സ്റ്റെം സെല്‍ (വിത്തുകോശം) മാറ്റിവയ്ക്കലിലൂടെ ഇദ്ദേഹം എച്ചഐവി ബാധയില്‍ നിന്നും പൂര്‍ണവിമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. എയ്ഡ്സ് രോഗം പൂര്‍ണമായി മാറുന്ന രണ്ടാമത്തെ ആള് മാത്രമാണ് ഇയാള്‍.
പന്ത്രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയിലെ ബര്‍ലിനില്‍ ചികിത്സതേടിയ അമേരിക്കന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ ആണ് എച്ച്ഐവി പൂര്‍ണമായും ഭേദപ്പെട്ട ആദ്യ ആള്. ഇദ്ദേഹം ഇപ്പോഴും എച്ച്ഐവി വൈറസില്‍ നിന്ന് മോചിതനാണ്. ഏറെ അപകടസാധ്യതയേറിയതും വിജയിക്കാന്‍ ബുദ്ധിമുട്ടേറിയതുമാണ് ഈ പരീക്ഷണരീതി. ഇക്കാലത്തിനുള്ളില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് ചികിത്സ വിജയിച്ചത്. അതുകൊണ്ടുതന്നെ രോഗബാധിതരായ ദശലക്ഷങ്ങളില്‍ ഈ ചികിത്സ അപ്രയോഗികമാണ്. <
2003ല്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കാണ് ഇപ്പോള്‍ രോഗം മാറിയതായി കണ്ടെത്തിയത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. 2012ലാണ് രോഗം നിയന്ത്രിക്കാന്‍ ചികിത്സ തുടങ്ങിയത്. ഗുണപരമായ ജനിതക വ്യതിയാനം വഴി ചിലര്‍ക്ക് എച്ച്.ഐ.വി പ്രതിരോധശേഷി ലഭിക്കാറുണ്ട്. അത്തരമൊരു വ്യക്തിയുടെ മജ്ജയുടെ വിത്തുകോശങ്ങള്‍, എച്ച്.ഐ.വി ബാധിതനായ വ്യക്തി മൂന്നു വര്‍ഷം സ്വീകരിച്ചപ്പോഴാണ് വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിത്തുകോശങ്ങള്‍ മാറ്റിയതിനൊപ്പം വൈറസ് പ്രതിരോധമരുന്നുകളും പ്രയോഗിച്ചു. ഇതോടെ വൈറസിന്റെ സാന്നിധ്യം രോഗിയില്‍ നിന്നും പൂര്‍ണ്ണമായും മാറി. തുടര്‍ന്ന് 18 മാസത്തോളം ചികിത്സ നിര്‍ത്തിവച്ചു. രോഗം തിരിച്ചുവരുമോ എന്നറിയാനായിരുന്നു ഇത്. സാധാരണ നിലയില്‍ എച്ച്ഐവി ബാധിതര്‍ വൈറസിനെ അമര്‍ച്ച ചെയ്യാനുള്ള മരുന്നുകള്‍ കഴിക്കണം. നിര്‍ത്തിവച്ചാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ രോഗം കലശലാകും. നിലവില്‍ തിട്ടപ്പെടുത്താന്‍ കഴിയുന്ന ഒരു വൈറസിനെയും ഈ വ്യക്തിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നല്കിയ സംഘത്തിലെ ഡോ.രവീന്ദ്ര ഗുപ്ത പറയുന്നു. നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് ഈ വിവരം.