ശ്വസിക്കുന്നത് മുഴുവന്‍ വിഷം! ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള പത്ത് നഗരങ്ങളില്‍ ആറും ഇന്ത്യയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്ന മറ്റ് കാര്യങ്ങള്‍ ഇങ്ങനെ

എല്ലാ രീതിയിലുള്ള മലിനീകരണവും പ്രത്യേകിച്ച് വായു മലിനീകരണം ലോകത്തില്‍ വലിയ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന, ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ചില സുപ്രധാന നഗരങ്ങളാണ് വായു മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളാണ് ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ആറും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2018ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മലിനീകരണത്തിന്റെ തോതില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗാസിയാബാദ് ആണ്.  ഫരീദാബാദ്, ബിവാന്‍ഡ്, നോയിഡ, പാറ്റ്‌ന, ലക്‌നോ എന്നിവിടങ്ങളാണ് മറ്റുള്ളവ. ലോകത്തെ ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22 ഉം ഇന്ത്യയിലാണ്. ചൈനയിലെ അഞ്ച് നഗരങ്ങളും പാക്കിസ്ഥാനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാം സ്ഥാനത്തും പാക്കിസ്ഥാനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകള്‍ക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാക്കിസ്ഥാന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്. വായു മലിനീകരണം മൂലം അടുത്ത വര്‍ഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടത്തിലേയ്ക്കും ഇത് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Related posts