സ്വന്തം ലേഖകൻ
തൃശൂർ: പണം, അധികാരം, സ്ഥാനം, സുഖസൗകര്യങ്ങൾ തുടങ്ങിയവയോടുള്ള മനോഭാവമാണ് ഓരോരുത്തരുടേയും ഭാവിജീവിതത്തെ സ്വാധീനിക്കുന്നതെന്ന് റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫ്. സെന്റ് തോമസ് കോളജിന്റെ ശതാബ്ദി അവാർഡായ തോമൈറ്റ് പുരസ്കാരം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കത്തോടെ മുന്നോട്ടുപോകണം. മനോഭാവമാണ് അഭിരുചിയെ സ്വാധീനിക്കുക. അച്ചടക്കമുള്ള മനോഭാവമാണു വളർത്തേണ്ടത്. അദ്ദേഹം വിദ്യാർഥികളോടു പറഞ്ഞു. സമൂഹത്തിലെ നന്മയുടെ പ്രതീകങ്ങളെയാണ് കോളജ് ശതാബ്ദിയോടനുബന്ധിച്ച് അവാർഡു നൽകി ആദരിക്കുന്നതെന്ന് ആർച്ച്ബിഷപ് മാർ താഴത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സഹപാഠിക്കൊരു വീട് പദ്ധതിയുടെ ചെക്ക് ചടങ്ങിൽ കൈമാറി. റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ വിവർത്തനം ചെയ്ത മാർക്കസ് ഒൗറേലിയസിന്റെ ’മനനങ്ങൾ’ എന്ന ഗ്രന്ഥം ജസ്റ്റിസ് കുര്യൻ ജോസഫ് പുസ്തകത്തിന്റ കവർചിത്രം വരച്ച ഫ്രാൻസിസ് കോടങ്കണ്ടത്തിനു നൽകി പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കുള്ള മെഡ്ലിക്കോട്ട് അവാർഡ് ചിത്രൻ നന്പൂതിരിപ്പാടിനും സാമൂഹ്യ ജീവകാരുണ്യ സേവനങ്ങൾക്കുള്ള മോണ്‍ ജോണ്‍ പാലോക്കാരൻ അവാർഡ് പ്രവാസി വ്യവസായി പത്മശ്രീ സി.കെ. മേനോനും സമ്മാനിച്ചു. സ്പോർട്സിനുള്ള ബിഷപ് മാർ ജോണ്‍ മേനാച്ചേരി അവാർഡ് വിക്ടർ മഞ്ഞിലയ്ക്കും കലയ്ക്കുള്ള ബിഷപ് മാർ ഫ്രാൻസിസ് വാഴപ്പിള്ളി അവാർഡ് ഫ്രാൻസിസ് കോടങ്കണ്ടത്തിനും നൽകി. മികച്ച വിദ്യാർഥിക്കുള്ള ബിഷപ് മാർ ജോർജ് ആലപ്പാട്ട് അവാർഡ് അക്ഷയ് ശങ്കറിനു നൽകി.
കലാരംഗത്തെ മികവിന് കോളജിലെ വെസ്റ്റേണ്‍ ബാൻഡ് ടീമിന്ആർച്ച്ബിഷപ് മാർ ജോസഫ് കുണ്ടുകുളം അവാർഡ് സമ്മാനിച്ചു. ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ ടീമിലെ താരങ്ങൾ മഹിമ രമേഷ്, ഐശ്വര്യ തോമസ്, ഇ.എൽ. ആൻ മേരി, റോണി ജേക്കബ്, ജോർജ് മാത്യു, ലിവിൻ ടി. ജോയ്, സോണാൽ ടോണി, ഐറിൻ ഫ്രാൻസിസ്, പ്രീതു മേരി ജോർജ് എന്നിവരാണ്.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാനേജർ ഫാ. വർഗീസ് കുത്തൂർ, പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി, പ്രഫ. വിൻസെന്റ് ജോസഫ് പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.