ചിറ്റൂർ: ചിറ്റൂർ താലൂക്കിൽ താപനില അസഹ്യമാകുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ ഒന്പതുമുതൽ പ്രവർത്തിപ്പിക്കണമെന്ന് ജനകീയ ആവശ്യം ശക്തമായി. കഴിഞ്ഞ അന്പതുവർഷത്തിനിടെ ഇത്തവണ വേനലിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഉച്ചസമയത്ത് ബസുകളിൽ യാത്രചെയ്യുന്പോൾ ചൂടുകാറ്റ് വീശുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പന്ത്രണ്ടുമുതൽ അഞ്ചുവരെ നിരത്തിലൂടെയുള്ള ഇരുചക്ര, കാൽനടയാത്ര ദുഷ്കരമാണ്. അമിതമായ ചൂടുമൂലം ജനങ്ങൾ ടൗണുകളിലേക്ക് വരാത്തതിനാൽ ഉച്ചസമയം ഹർത്താൽ ദിനങ്ങളിലേതുപോലെ വിജനമാണ്.
വേനൽക്കാലം തുടങ്ങി യാത്രക്കാരില്ലാത്തതിനാൽ ശീതളപാനീയ, തട്ടുകട വ്യാപാരികൾക്കും നഷ്ടക്കച്ചവടമാണ്. മൂന്നുമാസം ഇനിയും ചൂടുവർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചുടുകാറ്റു വീശുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ ചിലർ പന്ത്രണ്ടിന് കട അടച്ച് ഉച്ചകഴിഞ്ഞ് അഞ്ചിനുശേഷമാണ് വീണ്ടും തുറക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തി തിരിച്ച് ഉച്ചസമയത്ത് ബസിൽ സഞ്ചരിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ ബസുകളിൽ എസി ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. റോഡുവക്കത്തും വയലുകളിലുമുള്ള മാലിന്യങ്ങൾക്ക് താലൂക്കിൽ ഉടനീളം തീപടരുന്നതു തടയാൻ ഫയർഫോഴ്സും വലയുകയാണ്.