കൊല്ലങ്കോട്. വടവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് പെരിഞ്ചിറവീട്ടിലെ വെള്ളത്തായിയെന്ന മുതുമുത്തശിയെ കാണാൻ പുതുതലമുറയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തുന്നു. മുത്തശിയുടെപ്രായം 110 എന്നുപറയുന്പോൾ വിദ്യാർത്ഥികൾ അദ്ഭുതപ്പെടുകയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും എത്രയോമുന്പ് ജനനം. എന്നിട്ടും മുത്തശി എന്നുവിളിച്ചാൽ ഇരുകൈകളും കൂപ്പി ചെറുപുഞ്ചിരി തൂകും. വാർധക്യത്തിന്റെ ശാരീരികാവശതകൾ ഉണ്ടെങ്കിലും ഇതുവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്നിട്ടില്ല.
വല്ലപ്പോഴും പനിവന്നാൽ ആരോഗ്യപ്രവർത്തകർ ആംഗൻവാടി ജീവനക്കാർ നല്കുന്ന ഗുളിക മാത്രം കഴിക്കും. പുതുതലമുറയിലുള്ളവർക്ക് ബിപി, ഷുഗർ എന്നിവയുടെ പിടിയിലായി വ്യായാമവും മരുന്നുമായി ജീവിക്കേണ്ട സ്ഥിതി തുടരുന്പോൾ മുത്തശിക്കാകട്ടെ നോ ഷുഗർ നോ ബിപി. അടുത്തകാലത്താണ് കാഴ്ച്ചയും കേൾവിയും കുറഞ്ഞത്.
ഇപ്പോൾ പ്രാഥമികകർമങ്ങൾ നിറവേറ്റാൻ രണ്ടുപേരുടെ പരസഹായം വേണമെന്നിരിക്കേ കുളി തണുത്ത വെള്ളത്തിൽ വേണമെന്നത് നിർബന്ധമാണ്.മുതലമട മാന്പള്ളത്തെ വീട്ടിൽ പന്ത്രണ്ടാം വയസിലാണ് വടവന്നൂർ പെരിഞ്ചിറയിലെ കണ്ടൻകുട്ടി വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവന്നത്.
ആറ് പെണ്മക്കളുള്ളതിൽ പാറുക്കുട്ടി മരിച്ചു. അന്നമണി, പാഞ്ചാലി, കാർത്ത്യായനി, മാധവി, ദേവി എന്നിവരാണ് മറ്റു മക്കൾ. പരേതയായ പാറുക്കുട്ടിക്ക് രണ്ടു പെണ്മക്കളാണ്. ഇരുവർക്കും രണ്ടുവീതം മക്കളുമുണ്ട്. അന്നമണിക്ക് ആറുമക്കളിൽ നാല് പെണ്ണും രണ്ടുആണ്കുട്ടിയുമാണ്. ഇവർക്കും രണ്ടു വീതം മക്കളുണ്ട്.
പാഞ്ചാലിയും ദേവിയും വിവാഹിതരല്ല. കാർത്ത്യായനിക്ക് ഒരു പെണ്‍കുട്ടിയും ഇവർക്ക് ഒരു കുട്ടിയുമുണ്ട്. മാധവിക്ക് നാല് പെണ്‍കുട്ടികളാണ്. ഇവരിൽ രണ്ടുപേർക്ക് രണ്ടുവീതം മക്കളും രണ്ടുപേർക്ക് ഒന്നുവീതം മക്കളുമാണ്.
വേനൽ ചൂടിന്റെ കാഠിന്യം കൂടുംതോറും ശാരീരിക ക്ഷീണം കൂടുന്നുണ്ടെന്നും പറയുന്നു.
ബിഎസ്എൻഎൽനിന്നു വിരമിച്ച സുബ്രഹ്മണ്യൻ മരുമകനാണ്. ഇവരാണ് പരിചരിക്കുന്നത്. മുതുമുത്തശിയുടെ അനുഗ്രഹം നേടാനും ഒരു നോക്കുകാണാനും വടവന്നൂർ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും മാനേജരുമെത്തി മുത്തശ്ശിക്ക് പൊന്നാടയിട്ട് അനുഗ്രഹം വാങ്ങിയാണ് മടങ്ങിയതെന്നും വീട്ടുകാർ പറഞ്ഞു.