മട്ടന്നൂർ: കാമുകി വാഹനാപകടത്തിൽ മരിച്ചുവെന്ന വിവരത്തിൽ കുഴിമാടം അന്വേഷിച്ച് കാമുകനും സുഹൃത്തും. പള്ളികളിലും മറ്റും കയറിയിറങ്ങിയെങ്കിലും കുഴിമാടം കണ്ടെത്താനായില്ല. അവസാനം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കാമുകൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. മൂന്ന് മാസം മുമ്പാണ് മഞ്ചേശ്വരം സ്വദേശിയായ 21 കാരനും 19 കാരിയായ യുവതിയും തമ്മിൽ ഫെയ്സ് ബുക്ക് വഴി പരിചയപ്പെടുന്നത്.
തുടർച്ചയായി മൊബൈൽ ഫോണിലൂടെ സംസാരിക്കുന്ന കാമുകൻ കഴിഞ്ഞ ദിവസം യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല. തുടർന്നു യുവതിയുടെ സുഹൃത്തിന്റെ ഫോണിൽ വിളിച്ചതോടെ അവൾ വാഹനാപകടത്തിൽ മരിച്ചുവെന്നും കബറടക്കം നടത്തിയെന്നുമാണ് സുഹൃത്ത് പറഞ്ഞതത്രെ.
ഇതനുസരിച്ച് കാമുകൻ സുഹൃത്തിനെയും കൂട്ടി ബൈക്കിൽ മട്ടന്നൂരിലെത്തുകയായിരുന്നു. കാമുകിയുടെ കുഴിമാടം കാണണമെന്നും പ്രാർഥിക്കണമെന്നും പറഞ്ഞാണ് കാമുകനെത്തിയത്. മട്ടന്നൂർ, ചാലോട്, ചാവശേരി തുടങ്ങിയ അഞ്ച് പളളികളിൽ ഇവർ കയറിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാത്രിയിലും ഇവർ തെരഞ്ഞു നടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം നൽകുകയായിരുന്നു.
പോലീസെത്തി കാര്യം തിരക്കിയപ്പോഴാണ് സംഭവം പോലീസിന് മനസിലാകുന്നത്. യുവാക്കളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ നമ്പറിൽ പോലീസ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവാക്കൾ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. കാമുകിക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്നുമായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്.
ഞാനും മരിക്കുകയാണെന്നും അവൾക്കൊപ്പം പോകുകയാണെന്നും പറഞ്ഞ് യുവാവ് കാമുകിയുടെ സുഹൃത്തിന്റെ വാട്സ് അപ്പിൽ മെസേജ് അയക്കുകയും ചെയ്തിരുന്നു. കാമുകിയും സുഹൃത്തും ചേർന്നു വട്ടം കറക്കിയ യുവാക്കൾ ഇന്ന് ഉച്ചയോടെയാണ് മട്ടന്നൂരിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്.