നെടുമ്പാശേരി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട രാജ്യാന്തര ലോബി നെടുമ്പാശേരിയിൽ പിടിമുറുക്കുന്നു. വൻതോതിലുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി വിദേശികളാണ് അടുത്തിടെയായി നെടുമ്പാശേരിയിൽ പിടിയിലായത്.
ഒന്നര വർഷത്തിനിടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ആറ് വിദേശികളാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. ഇതിനിടെയാണ് മൂന്ന് കോടി രൂപ വിലവരുന്ന ഹാഷിഷ് മാലിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ മാലി സ്വദേശിയായ സൊബാഹ് മുഹമ്മദ് എന്ന യുവാവ് ഇന്നലെ പിടിയിലാകുന്നത്.
നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു രണ്ട് കിലോഗ്രാം കൊക്കയിൻ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോർ സ്വദേശി ഡുറൻസോള ജോണി അലക്സാണ്ടർ കഴിഞ്ഞ വർഷം പിടിയിലായിരുന്നു. നെടുമ്പാശേരി വഴി വിദേശത്തേക്കും തിരിച്ചും വൻ തോതിൽ മയക്കുമരുന്ന് ഒഴുകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മുന്പും ഇത്തരത്തിൽ വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ വിദേശത്തുനിന്നും 2.700 കിലോഗ്രാം കൊക്കൈയിൻ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വെനിസ്വല സ്വദേശി വിക്ടർ ഡേവിഡ് റൊമേറോ (24) നെടുമ്പാശേരിയിൽ നർകോട്ടിക് കൺട്രോൾ ബ്യുറോ വിഭാഗത്തിന്റെ പിടിയിലായിരുന്നു.12 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
ഇത്തരം കേസുകളിൽ തുടരന്വേഷണം നടക്കാത്തത് മൂലം യഥാർഥ പ്രതികൾ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. പിടിയിലായ ഒരാളെ പോലും പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല.
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു കുവൈറ്റിലേക്ക് കടത്താൻ കൊണ്ടുവന്ന 30 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് പാലക്കാട് സ്വദേശികൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡിന്റെ പിടിയിലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്.
ഈ കേസിൽ കുവൈറ്റിൽ ഇരുന്ന് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്ന കാസർകോട് സ്വദേശിയായ ‘ഭായി’ എന്നു വിളിക്കുന്ന സംഘത്തലവനെ വരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയാണ് ഈ കേസ് അട്ടിമറിച്ചത്.
അന്ന് ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരേ വിദേശത്തുനിന്നു ഫോണിൽ വധഭീഷണി ഉണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു. നെടുമ്പാശേരിയിൽനിന്ന് എയർ കാർഗോ വഴിയും വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കാൻ ശ്രമം നടന്നു. രണ്ട് തവണയാണ് ഇത്തരത്തിൽ കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പിടികൂടിയത്.
ഈ കേസിൽ കാർഗോ ബുക്ക് ചെയ്തിരുന്ന ഏജൻസികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘങ്ങളെ കണ്ടെത്താൻ സാഹചര്യമുണ്ടായിട്ടും അന്വേഷണം പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.