സിജോ പൈനാടത്ത്
കൊച്ചി: ഗിരീഷിന്റെ ഹൃദയസ്പന്ദനത്തിന് ഇന്നു പുതുചരിത്രമെഴുതലിന്റെ താളമുണ്ട്. അതിജീവനത്തിന്റെയും വൈദ്യശാസ്ത്രമികവിന്റെയും സംഗീതമുണ്ട് ആ സ്പന്ദനങ്ങളിൽ. ഗിരീഷിന്റെ ശരീരത്തിൽ മൂന്നാമത്തെ ഹൃദയത്തിന്റെ സ്പന്ദനത്തിന് ഇന്ന് അഞ്ചു വയസ്.
ഇന്ത്യയിൽ ആദ്യമായി രണ്ടു വട്ടം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയാണു പാലക്കാട് സ്വദേശി ഗിരീഷ്. 2014 മാർച്ച് അഞ്ചിനാണു രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 2013 ജൂണ്‍ 28നായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ.
എറണാകുളം ലിസി ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു ഇരുശസ്ത്രക്രിയകളും നടന്നത്. രണ്ടു തവണ ഹൃദയം മാറ്റിവച്ചശേഷം അഞ്ചു വർഷം സാധാരണ ജീവിതം നയിച്ചുവെന്ന അപൂർവനേട്ടത്തിന്റെ കൂടി സാക്ഷിയാണ് ഐടി പ്രഫഷണലായ ഗിരീഷ്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണു ഗിരീഷിനെ അലട്ടിയത്. ബംഗളൂരുവിൽ വിപ്രോ കന്പനിയിൽ ജോലി ചെയ്തുവന്ന ഗിരീഷ് ചികിത്സയ്ക്കായി കേരളത്തിലേക്കെത്തി. ഹൃദയം മാറ്റിവയ്ക്കാതെ മറ്റു മാർഗമില്ലെന്നു വിദഗ്ധ പരിശോധനയിൽ വ്യക്തമായി.
ബൈക്കപകടത്തിൽ മരിച്ച ആലുവ സ്വദേശിയായ 24കാരന്റെ ഹൃദയമാണു ഗീരീഷിൽ ആദ്യം തുന്നിച്ചേർത്തത്. കോലഞ്ചേരിയിലെ ആശുപത്രിയിൽനിന്നാണു ഹൃദയം എത്തിച്ചത്. ശസ്ത്രക്രിയ വിജയകരം. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനിടെ കടുത്ത പനി വില്ലനായി.
ഒപ്പം കാലിന്റെ ഇടുപ്പിനുണ്ടായ തകരാർ പരിഹരിക്കാൻ മറ്റൊരു ശസ്ത്രക്രിയയും വേണ്ടിവന്നു. ഇതേത്തുടർന്നുണ്ടായ അണുബാധ ഹൃദയത്തിന്റെ വാൽവിനെ ബാധിച്ചു. വാൽവോ ഹൃദയം തന്നെയോ മാറ്റിവയ്ക്കേണ്ടിവരുമെന്നു ഡോക്ടർമാർ അറിയിച്ചതോടെ വീണ്ടും ഹൃദയത്തിനായുള്ള കാത്തിരിപ്പ്.
നാളുകൾക്കുശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിൾ വാടയ്ക്കൽ കുരുവിക്കാട് വീട്ടിൽ ഷാജിയുടെ (44) ഹൃദയം ഗിരീഷിനെ തേടിയെത്തി. ഇതോടെ രാജ്യത്ത് ആദ്യമായി ഒരാളിൽ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് എറണാകുളം ലിസി ആശുപത്രി ഒരുങ്ങി.
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ഗിരീഷിൽ മൂന്നാമത്തെ ഹൃദയം സ്പന്ദിച്ചു. ഐടി കന്പനിയിലെ ജോലി വീട്ടിലിരുന്നു നിർവഹിച്ചു സാധാരണ ജീവിതം നയിക്കുകയാണു ഗിരീഷ് ഇപ്പോൾ. രണ്ടാം ഹൃദയം മാറ്റിവയ്ക്കലിന്റെ അഞ്ചാം വാർഷികദിനത്തിൽ ലിസി ആശുപത്രിയിലെത്തുന്ന ഗിരീഷിനെ കാണാനും സന്തോഷം പങ്കുവയ്ക്കാനും നടൻ ജയസൂര്യയും എത്തും.