കൊല്ലം :ഇരവിപുരം കാരിക്കുഴി ഏലായിലെ കുറ്റിക്കാട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ യുവതിയും മരിച്ചു. ഇരവിപുരം ഇടക്കുന്നം തൊടിയിൽ വീട്ടിൽ രേഷ്മ (27) ആണ് മരിച്ചത്. ഇവരോടൊപ്പം പൊള്ളലേറ്റ യുവാവ് വിനീത് (30) ഇന്നലെതന്നെ മരിച്ചിരുന്നു.
രാത്രി ഒന്പതോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലാണ് സംഭവം. ഉണങ്ങി പടർന്നുകിടക്കുന്ന വള്ളികൾക്കിടയിൽ കയറി ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വള്ളിക്കാട്ടിൽ തീപടർന്നുപിടിച്ചതോടെയാണ് പരിസരവാസികൾ വിവരം അറിഞ്ഞത്. ഫയർഫോഴ്സ് യൂണിറ്റെത്തി ഏറെ ശ്രമം നടത്തിയയശേഷമാണ് കുറ്റിക്കാട്ടിലെ തീകെടുത്താനായത്.
പ്രദേശവാസികൾ ഇരുവരെയും കൊല്ലം ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും വിനീത് മരിച്ചിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
വിനീതിന്റെ മൃതദേഹം കൊല്ലം ജില്ലാആശുപത്രി മോർച്ചറിയിലും രേഷ്മയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിനീതിന്റെ ബന്ധുവും വിവാഹിതയുമാണ്രേഷ്മയെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.