കൊല്ലം :എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം അടങ്ങുന്ന വികസന രേഖ പ്രകാശനം ചെയ്തു. കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് സി.വി. പത്മരാജൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീന്‍ നൽകിയാണ് പ്രകാശനം ചെയ്തത്.
ജനപ്രതിനിധികളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്നുളളതിന്റെ മാതൃകയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ പ്രവർത്തനമെന്നും, മികവിന്റെ നേർക്കാഴ്ചയാണ് വികസന രേഖയെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
വികസന രേഖ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബൈപാസ്, പുനലൂർ – ചെങ്കോട്ട ഗേജ്മാറ്റം, കൊല്ലം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം, ഇ.എസ്.ഐ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയുടെ സമഗ്ര വികസനം, കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിട സമുച്ചയം, എം.പി. ഫണ്ടിന്റെ സന്പൂർണ്ണ വിനിയോഗം തുടങ്ങി ഓരോ വികസന പ്രവർത്തനങ്ങളും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വികേന്ദ്രീകരണ വികസനത്തിന് എം.പി ഫണ്ടിന്റെ വിനിയോഗം ശാസ്ത്രീയമായി നടപ്പാക്കിയതിന്റെ വിശദവിവരങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. പാർലമെന്ററി പ്രവർത്തനങ്ങളിലെ നേട്ടങ്ങളും ഇടപെടലുകളും നിയമനിർമ്മാണ പ്രക്രിയയിലെ സജീവ സാന്നിദ്ധ്യവും വെളിപ്പെടുത്തിയിട്ടുണ്ട്.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും തൊഴിലാളികളുടെയും സാധാരണക്കാരന്റെയും ക്ഷേമത്തിനും പാർലമെന്ററി പ്രവർത്തനം ഉപയോഗപ്പെടുത്തിയതിന്റെ വിശദാംശങ്ങളും രേഖയിലുണ്ട്. മികച്ച പാർലമെന്ററി പ്രവർത്തനം നടത്തുന്നതിന് കൊല്ലം നൽകിയ സഹായത്തിനും സഹകരണത്തിനും നന്ദി പറഞ്ഞു കൊണ്ടുളളതാണ് വികസന രേഖ.
യോഗത്തിൽ ശൂരനാട് രാജശേഖരൻ, ഷിബുബേബിജോണ്‍, ബിന്ദുകൃഷ്ണ, കെ.സി. രാജൻ, അഡ്വ: ഫിലിപ്പ്.കെ. തോമസ്, കല്ലട ഫ്രാൻസിസ്, അഡ്വ: റാംമോഹൻ, മോഹനൻ പിളള, സുരേഷ് ബാബു, പുനലൂർ മധു, കെ.എസ്. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.