വടകര: നീതിയുക്തവും ഭയരഹിതവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനു പോലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളുടെ കണക്ക് തയാറാക്കി ആവശ്യമായ കരുതൽ നടപടി പ്ലാൻ ചെയ്യുകയാണ് പോലീസ്.ഉത്തരമേഖലാ ഐജിയുടെ കീഴിൽ മലബാറിൽ അഞ്ച് ലോകസഭാ മണ്ഡലങ്ങളാണുള്ളത്.
ഓരോ മണ്ഡലത്തിലും ആയിരത്തോളം പോളിംഗ് ബൂത്തുകളുണ്ട്. ഇവയുടെ കിടപ്പും പ്രാദേശിക പ്രാധാന്യവും മുൻകാല സവിശേഷതകളും പോലീസ് പരിശോധിക്കുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സംഘർഷസാധ്യതയുള്ള ബൂത്തുകൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായാണ് കിടക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശ പ്രകാരം ജില്ലാ ഭരണകൂടവും പോലീസും തയ്യാറാക്കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശ്നബാധിത ബുത്തുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നത്. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് എന്നീ ലോകസഭാ മണ്ഡലങ്ങളാണ് ഉത്തരമേഖലാ ഐജിയുടെ കീഴിൽവരുന്നത്.
നാലു ജില്ലകളിൽ കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ പല ബൂത്തുകളും നേരത്തേ തന്നെ രാഷ്ട്രീയമായും സാമൂദായികമായും പ്രശ്നബാധിതമാണ്. എന്നാൽ കോഴിക്കോട് സിറ്റിയിലാവട്ടെ ചുരുക്കം ബുത്തുകളൊഴികെ ബാക്കിയെല്ലാം സാധാരണ നിലയിലുള്ളവയാണ്.
അതേസമയം കണ്ണൂർ ജില്ലയിലെ മിക്ക ബൂത്തുകളും മുന്പേ പ്രശ്ന ബാധിതങ്ങളായാണ് കണക്കാക്കുന്നത്. കാസർകോട് ജില്ലയിൽ രാഷ്ട്രീയവും സാമൂദായികവുമായ കാരണങ്ങളാൽ സംഘർഷ സാധ്യതയുള്ള ബുത്തുകൾ ഏറെയാണ്. വയനാട് ജില്ലയിലാവട്ടെ ഇടതു തീവ്രവാദികളുടെ സാന്നിധ്യം കൊണ്ടാണ് പ്രശ്നബാധിത ബൂത്തുകളുണ്ടായിരിക്കുന്നത്.
ലോക്കൽ പോലീസിനു പുറമെ സായുധ പോലീസിന്റെയും സാന്നിധ്യം ഉണ്ടാവും. കേരളത്തിനു പുറമെ കർണാടകത്തിൽ നിന്നുള്ള പോലീസും ഈ മേഖലകളിൽ നിലയുറപ്പിക്കും. തണ്ടർബോൾട്ട് കമാന്റോകളും ചില പ്രദേശങ്ങളിൽ സേവനസജ്ജരായി രംഗത്തുണ്ടാവുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.