അമേരിക്കയിലെ ജോർജിയാനയിലുള്ള ഒരു കാട്ടിലൂടെ വണ്ടിയോടിച്ച് പോവുകയായിരുന്നു വൈൽഡ് ലൈഫ് ബയോളജിസ്റ്റായ ബ്രന്റ് ഹൗസ്. അപ്പോഴാണ് റോഡു ബ്ലോക്ക് ചെയ്ത് എന്തോ കിടക്കുന്നത് കണ്ടത്. വലിയ എന്തോ മരക്കഷ്ണമാണെന്നാണ് ആദ്യം കരുതിയത്.
വണ്ടിയിൽനിന്ന് ഇറങ്ങി നോക്കിയ ബ്രന്റ് ശരിക്കും ഞെട്ടി. വലിയൊരു മുതലയായിരുന്നു ബ്രന്റിന്റെ വഴിമുടക്കിയത്. നിരവധി വർഷമായി വന്യമൃഗങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന ബ്രന്റ് ആദ്യമായാണ് അത്രയും വലിയൊരു മുതലയെ കാണുന്നത്. അടുത്തു ചെന്ന് നോക്കിയപ്പോൾ മുതല അവശനാണെന്ന് മനസിലായി.
പരിശോധനകൾക്ക് വിധേയനാക്കിയപ്പോൾ മുതലയ്ക്ക് 380 കിലോ ഭാരമുണ്ടെന്ന് മനസിലാക്കി. 13 അടി നാലിഞ്ചായിരുന്നു മുതലയുടെ നീളം. വർഷങ്ങൾ പഴക്കമുള്ള വെടിയേറ്റതിന്റെ പാടും ഈ ഭീമൻ മുതലയുടെ ദേഹത്തുണ്ട്. അടുത്തുള്ള തടാകത്തിൽനിന്നായിരിക്കാം ഈ മുതല റോഡിലെത്തിയതെന്ന് കരുതുന്നു.