കുളത്തൂപ്പുഴ: കുളത്തുപ്പുഴ പ്രദേശത്ത് അലഞ്ഞ് നടന്നിരുന്ന മാനസികവിഭ്രാന്തിയുളള മധ്യവയസ്കനെ ഇടിച്ചിട്ട വാഹനം നിർത്താതെ കടന്നു കളഞ്ഞു. ദേഹമാസകലം മുറിവേറ്റ് ഒടിഞ്ഞ് തൂങ്ങിയ കാലുമായി രക്തം വാർന്ന് റോഡിൽക്കിടന്ന മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചത് ഒരു മണിക്കൂറിനുശേഷം. കല്ലുവെട്ടാംകുഴി കാഞ്ഞിരവേൽ വീട്ടിൽ മോനി എന്നുവിളിക്കുന്ന യോഹന്നാനെയാണ് (50) ഇന്നുപുലർച്ചെ അമിതവേഗതയിൽ കടന്നുപോയ വാഹനം ഇടിച്ചിട്ടത്.
ഇന്നലെ രാവിലെ ആറോടെ ഗണപതിയമ്പലത്തിന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ കുളത്തൂപ്പുഴ പോലീസ് ഇയാളുടെ ബന്ധുവിനെ വിളിച്ച് വരുത്തി. തുടർന്ന് അഞ്ചലിൽ നിന്ന് ആംബുലൻസ് വരുത്തി ഏഴിനുശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുളത്തൂപ്പുഴ പോലീസ്.