ചവറ സൗത്ത്: ഗൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര കോയിവിള പാവുമ്പ വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തേവലക്കര കോയിവിള ഭരണിക്കാവില്‍ വാടകക്ക് താമസിക്കുന്ന ഷൈലജ (45) യെയാണ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതാം തീയതി ഷൈലജയുടെ വീടിന് മുന്നിലാണ് ഗോപാലകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് സ്കൂട്ടറും കന്നാസില്‍ ഡീസലും ലൈറ്ററും പോലീസ് കണ്ടെത്തിയിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയുണ്ടന്നാരോപിച്ചതിനാല് അസ്വാഭിക മരണത്തിന് പോലീസ് കേസെടുത്ത് അന്വഷണം നടത്തി വരുകയായിരുന്നു.
പോലീസ് പറയുന്നത്: ഗോപാലകൃഷ്ണനും ഷൈലജയും തമ്മില്‍ സാമ്പത്തിക ഇടപെടുലുകള്‍ ഉണ്ടായിരുന്നു.ഗോപാലകൃഷ്ണന്റെ കൈയില്‍ നിന്ന് പലതവണയായി പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് തിരിച്ച് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഗോപാലകൃഷ്ണപിളളയെ ഷൈലജയുടെ വീടിന് മുന്നില്‍ മരണമടഞ്ഞതായി കണ്ടെത്തുകയായിരുന്നു.
നേരത്തെ കോടതിയില്‍ ഷൈലജക്കെതിരെ ഗോപാലകൃഷ്ണന് സാമ്പത്തിക തട്ടിപ്പിനെതിരെ കേസ് നല്‍കിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് ഷൈലജെക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ്ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്റ്റേഷന് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു