വയനാട്: വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന റിസോർട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർക്കായി തണ്ടർബോൾട്ട് സംഘം തെരച്ചിൽ തുടരുകയാണ്.
വയനാട്-കോഴിക്കോട് ദേശീയപാതയിലെ സ്വകാര്യ റിസോർട്ടിൽ ബുധനാഴ്ച രാത്രി ഒന്പത് മണിയോടെയാണു സംഭവമുണ്ടായത്. ഇരച്ചുകയറിയ മാവോയിസ്റ്റുകൾ താമസക്കാരെ ബന്ദികളാക്കി വെടിയുതിർത്തു. റിസോർട്ട് വളഞ്ഞ തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവയ്പ് മണിക്കൂറുകൾ നീണ്ടു. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടർന്ന് കാട്ടിൽ തെരച്ചിൽ തുടരുകയാണ്. പ്രദേശത്തു വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടഞ്ഞു. പ്രദേശവാസികളോടു വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മുന്പും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അന്പ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങൾക്കുമുന്പേ മാവോവാദികൾ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.