ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ നിർഭാഗ്യം തുടർക്കഥ. ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ലോക മുൻ രണ്ടാം നന്പർ താരമായ കൊറിയയുടെ സംഗ് ജി ഹ്യൂനിനോട് ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്കോർ: 16-21, 22-20, 18-21.
ഒരു മണിക്കൂർ 21 മിനിറ്റ് നീണ്ട മത്സരത്തിന്റെ മൂന്നാം ഗെയിമിൽ സിന്ധു ഉജ്വല തിരിച്ചുവരവ് നടത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും 18-21ന് തോൽവിയായിരുന്നു ഫലം. 13-20ന് ഗെയിം പോയിന്റിൽനിന്ന എതിരാളിയെ തുടർച്ചയായി അഞ്ച് പോയിന്റ് നേടി സിന്ധു ഞെട്ടിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടാം ഗെയിമിൽ നാല് മാച്ച് പോയിന്റ് സേവ് ചെയ്തായിരുന്നു സിന്ധുവിന്റെ ജയം.
പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മലയാളി താരമായ എച്ച്.എസ്. പ്രണോയിയെ കീഴടക്കിയാണ് സായ് പ്രണീത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 52 മിനിറ്റ് നീണ്ട മത്സരത്തിൽ 21-19, 21-19നായിരുന്നു പ്രണീതിന്റെ ജയം.
2001ൽ പുല്ലേല ഗോപിചന്ദ് ആണ് അവസാനമായി ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടിയ ഇന്ത്യൻ താരം. അതിനു മുന്‍പ് പ്രകാശ് പദുക്കോണും (1980ൽ) കിരീടം സ്വന്തമാക്കിയിരുന്നു.