അധികാരം കിട്ടുമ്പോള്‍ പലപ്പോഴും ആളുകള്‍ സാമാന്യ, സാമൂഹിക മര്യാദകള്‍ മറക്കുകയാണ് പതിവ്. അധികാരത്തിന്റെ ആനുകൂല്യങ്ങളും മറ്റും ഉപയോഗിച്ച് പരമാവധി നേട്ടം സ്വന്തമാക്കാനാവും അവരുടെ ശ്രമം. എന്നാല്‍ മനുഷ്യനെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലൊരാളായി പ്രവര്‍ത്തിക്കാനാണ് യഥാര്‍ത്ഥത്തില്‍ ഒരു അധികാരി ശ്രമിക്കേണ്ടത്. പലര്‍ക്കും അധികാരികളെ ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ ഭയവുമാണ്.
എന്നാല്‍ ഇപ്പോഴിതാ മന്ത്രിയെ ഇത്തരത്തിലുള്ള ഒരു മര്യാദ പഠിപ്പിച്ചു കൊടുത്ത് ഒരു പെണ്‍കുട്ടി താരമായിരിക്കുന്നു. കര്‍ണ്ണാടക ആഭ്യന്തരമന്ത്രി എം.ബി.പട്ടീലിന്റെ വരി നില്‍ക്കാതെ ക്ഷേത്രത്തിലേയ്ക്കുള്ള കടന്നുകയറ്റത്തെയാണ് പെണ്‍കുട്ടി തടഞ്ഞത്.
കര്‍ണാടകയിലെ അമരഗണധീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി തൊഴാനായി കാത്തുനിന്നവരുടെ ഇടയിലേക്കാണ് മന്ത്രി കടന്നുവന്നത്. പൊള്ളുന്ന ചൂടില്‍ ദര്‍ശനത്തിനായി കാത്തുനിന്ന 770 ഓളം ആളുകളെ മറികടന്ന് ദര്‍ശനത്തിന് മന്ത്രി മുതിരുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ ഇടപെടല്‍.
പൂജകളും വഴിപാടികളും നടത്താനായി ക്ഷേത്രഭാരവാഹികള്‍ മന്ത്രിയെ തിടുക്കത്തില്‍ ആനയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ഞങ്ങള്‍ ഇത്രയും ആളുകള്‍ ഇവിടെ കാത്തുനില്‍ക്കുകയാണ്, നിങ്ങള്‍ മന്ത്രിയായിരിക്കാം പക്ഷെ ഇത്രയും ആളുകളെപ്പോലെ വരി നിന്നേ ദര്‍ശനം നടത്താവൂ. പ്രത്യേക പരിഗണന എടുക്കുന്നത് ശരിയല്ലെന്ന് പെണ്‍കുട്ടി വാദിച്ചു.
പെണ്‍കുട്ടിയെ ഏറെ ശ്രമപ്പെട്ടാണ് മന്ത്രി തിരക്കിനെക്കുറിച്ച് പറഞ്ഞുബോധ്യപ്പെടുത്തിയത്. ചില സുപ്രധാന മീറ്റിങ്ങുകളുണ്ടെന്നും അതിനുശേഷം ഔദ്യോഗികആവശ്യങ്ങള്‍ക്കായി ഹുബാലി വിമാനത്താവളത്തില്‍ നിന്നും വിമാനയാത്രയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തി വന്ന പെണ്‍കുട്ടി അദ്ദേഹത്തെ കടത്തിവിടാന്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ച മന്ത്രി അവളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് യാത്രയായത്.