ഗായിക റിമി ടോമി നയിച്ച ഗാനമേളയ്ക്കിടെ സംഘര്‍ഷം. ആദ്യം കാണികളും പിന്നീട് പോലീസും അഴിഞ്ഞാടിയതോടെ ഗാനമേള പാതിവഴിയില്‍ അലങ്കോലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. റിമിയും കൂട്ടരും പാടിക്കൊണ്ടിരുന്നപ്പോള്‍ യുവാവ് സ്റ്റേജില്‍ കയറി നൃത്തം ആരംഭിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയില്‍ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സ്റ്റേജില്‍ കയറിയുള്ള നൃത്തം ഗാനമേള സംഘം വിലക്കി. എന്നാല്‍ യുവാവ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല.
ഗാനമേള ഇതോടെ നിര്‍ത്തി. തുടര്‍ന്ന് ഉത്സവ കമ്മിറ്റി അംഗങ്ങള്‍ സ്റ്റേജിലേക്ക് കടന്നു വരികയും യുവാവിനെ സ്റ്റേജില്‍ നിന്നും പിടിച്ചിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് വീണ്ടും സ്റ്റേജിലേക്ക് ചാടി കയറുകയും കമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സ്റ്റേജിലേയ്ക്ക് ഓടിക്കയറി കമ്മിറ്റി അംഗങ്ങളെ തല്ലുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്റ്റേജില്‍ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും തല്ലുകയായിരുന്നു. ഇതോടെ ഗാനമേള കാണാനെത്തിയവര്‍ ചിതറി ഓടി. പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷം ഉണ്ടാക്കിയവരെ മുഴുവന്‍ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷമാണ് പോലീസ് പിന് വാങ്ങിയത്. അക്രമത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്ക് കേടുപാടു സംഭവിച്ചു. ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നടക്കുന്നതിനിടെ റിമി ടോമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമത്തില്‍ വാദ്യോപകരണങ്ങള്‍ക്ക് കേടുപാടു സംഭവിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് ലഭിക്കുന്ന വിവരം.
പണ്ടും ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലുന്നുവെന്ന പേരില്‍ ഒരു വിഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിഡിയോയിലുള്ളത് റിമിയല്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും റിമിയുടെ ഭര്‍ത്താവായ റോയ്സ് പിന്നീട് വ്യക്തമാക്കിയിരുന്നു.