കോട്ടയം:കോട്ടയത്തെ സ്ഥാനാർഥി നിർണയത്തിൽ സിപിഎം ഇക്കുറി ഒരു പടി മുന്നിൽ. സ്ഥാനാർഥി നിർണയവും പ്രവർത്തക കണ്‍വൻഷനും ഒറ്റ യോഗത്തിൽ തീരുമാനിച്ചു. പിന്നാലെ സൈബർ സഖാക്കൾ പ്രചാരണവും ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേര് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നിർദേശിച്ചു.
ഇന്നലെ ചേർന്ന പാർലമെന്റ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും വാസവൻ മത്സരിക്കണമെന്നാണ് എന്നറിയിച്ചതോടെ നേതൃത്വത്തിന് കോട്ടയത്തു നിന്ന് വാസവന്റെ പേര് മാത്രമാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണ പ്രചാരണം തുടങ്ങിയ സിപിഎം സ്ഥാനാർഥിയെ മാറ്റിയാണ് ജനതാദളിന് സീറ്റ് നല്‍കിയത്.
12ന് വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് വിപുലമായ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്താനും ഇന്നലെ ചേർന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഉൾപ്പെടെ എൽഡിഎഫിലെ എല്ലാ കക്ഷികളുടെയും സംസ്ഥാന നേതാക്കൾ കണ്‍വൻഷനിൽ പങ്കെടുക്കും. 16നു മുന്‍പായി മണ്ഡലം കണ്‍വൻഷനുകളും പൂർത്തിയാക്കും. തുടർന്ന് പഞ്ചായത്ത്, ബൂത്ത് കണ്‍വൻഷനുകളും ചേരും.
ഇന്നു ചേരുന്ന സിപിഎം സംസ്ഥാന കമ്മറ്റി മുന്‍പാകെയാണ് വാസവന്റെ പേര് സമർപ്പിക്കുന്നത്. ഇവിടെയാണ് അന്തിമ തീരുമാനം. അതേ സമയം ആരോഗ്യ പ്രശ്നമുള്ളതിനാൽ തന്നെ ഒഴിവാക്കണമെന്ന വാസവന്റെ അഭിപ്രായം പാർലമെന്റ് കമ്മിറ്റി അംഗീകരിച്ചില്ല. പുറം വേദനയാണെന്നും ലോകസഭാ തെരഞ്ഞെടുപ്പു കഴിയുന്പോൾ ചികിത്സ നടത്താനിരിക്കുകയാണെന്നുമാണ് വാസവൻ പറയുന്നത്.
ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിലും ആരോഗ്യ പ്രശ്നം ഉന്നയിക്കുമെന്ന് വാസവൻ പറഞ്ഞു. സ്ഥാനാർഥി വാസവൻ ആണെന്ന തീരുമാനം പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ വി.എൻ.വാസവന്റെ ഫോട്ടോയോടു കൂടിയ പോസ്റ്റർ സിപിഎം സൈബർ പ്രവർത്തകർ ഷെയർ ചെയ്തുകഴിഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി ആരെന്ന് ഇതുവരെ തിരുമാനമായിട്ടില്ല. കേരളാ കോണ്ഗ്രസ്എമ്മിനാണ് കോട്ടയം സീറ്റ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് പാർലമെന്റ് പാർട്ടി യോഗം 10ന് കോട്ടയത്ത് ചേരും. ഇന്നു പാലായിൽ ചേരാനിരുന്ന യോഗമാണ് 10ന് കോട്ടയത്തേക്ക് മാറ്റിയത്. പാർട്ടിയുടെ ആറ് എംഎൽഎമാരും ജോസ് കെമാണി എംപി, മുൻ എംപി ജോയി ഏബ്രഹാം എന്നിവരാണ് പാർലമെന്റ് പാർട്ടിയിലുള്ളത്. എ്ൻഡിഎ സ്ഥാനാർഥിയായി പി.സി.തോമസ് മത്സരിച്ചേക്കുമെന്നാണ് സൂചന.
കോട്ടയം ജയിച്ചേ പറ്റു
കോട്ടയം: ഇക്കുറി കോട്ടയം സീറ്റിൽ ജയിച്ചേ പറ്റുവെന്ന നിലപാടിലാണ്രതേ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു. അടുത്ത 17ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. കൊല്ലം, എറണാകുളം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു കമ്മിറ്റിയോഗങ്ങളിലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്നുണ്ട്.