തിരുവല്ല: 3.65 കോടി രൂപ അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കുന്ന രണ്ട് എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്ന് ആന്റോ ആന്റണി എംപി. എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്താൻ തിരുവല്ല റയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം.
തന്റെയും മുൻ രാജ്യ സഭാ ഉപാധ്യക്ഷൻ പി. ജെ കുര്യന്റെയും പ്രാദേശിക വികസനഫണ്ടിൽ നിന്നും 1 കോടി രൂപ വീതവും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നും നടപ്പാലം നിർമ്മിക്കുന്നതിനായി 1.65 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഓന്നാം നന്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും രണ്ടാം നന്പർ പ്ലാറ്റ്ഫോമിൽ കയറുന്നതിനുമാണ് എസ്കലേറ്റർ നിർമ്മിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽനിന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്നതിനുള്ള നടപ്പാലമാണ് റെയിൽവേ മന്ത്രാലയത്തിൽ നിന്നും അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്നത്.
സിവിൽ വർക്കുകൾ അടുത്തയാഴ്ചയോടുകൂടി പൂർത്തീകരിച്ച് എസ്കലേറ്റർ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചതായി എംപി പറഞ്ഞു. എസ്കലേറ്ററിന്റെയും നടപ്പാലത്തിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസകരമാകുമെന്നു എംപി പറഞ്ഞു.