അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞുവെന്ന രീതിയില്‍ പ്രചാരണം! സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന് അക്കൗണ്ടില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ച് വ്യോമസേന

സോഷ്യല്‍മീഡിയയില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ യഥാര്‍ത്ഥ അക്കൗണ്ടുകളേക്കാള്‍ കൂടുതലുള്ളത് വ്യാജ അക്കൗണ്ടുകളാണെന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട് രാജ്യത്തിനുവേണ്ടി ധീരമായ പ്രകടനം കാഴ്ചവച്ച വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരിലും സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ വിലസുന്നു.

വ്യോമസേനയാണ് ഇക്കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും വ്യോമസേന അറിയിക്കുന്നു. നിലവില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ ഒരു സാമൂഹ്യ മാധ്യമങ്ങളിലും അഭിനന്ദന് അക്കൗണ്ട് ഇല്ലെന്ന് വ്യോമസേന വ്യക്തമാക്കി.

അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞ ഉത്തര്‍പ്രദേശുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അഭിനന്ദന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തരുതെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

നേരത്തെ, അഭിനന്ദന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശം വന്നിരുന്നു. പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടന്നത്.

അതേസമയം, പാക് തടവില്‍ നിന്നും അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിന് വര്‍ധമാന്റെ പേരില്‍ ബി.ജെ.പി ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചിരുന്നു.

അഭിനന്ദന്‍ പാക് തടവില്‍ കഴിയുന്ന മാര്‍ച്ച് ഒന്നിന് രാവിലെ 9.30നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് ട്വിറ്ററില്‍ നിന്നും വ്യക്തമായത്. എന്നാല്‍ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.

നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘അഭിമാനം തോന്നുന്നു’ എന്നു ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ ബി.ജെ.പി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

കൂടാതെ പാക് സേനയേയും പാക്കിസ്ഥാനേയും പ്രകീര്‍ത്തിച്ചുകൊണ്ടും അഭിനന്ദന്റെ പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടും പ്രചരിച്ചിരുന്നു. ഫെബ്രുവരി 28നാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചത്. പാക് സൈന്യത്തിന് അനുകൂലമായ പ്രചരണങ്ങളാണ് ഇതുവഴി നടത്തിയിരുന്നത്.

Related posts