ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ. വനിതാ സിംഗിൾസിൽ സൈന രണ്ടാം പ്രീക്വാർട്ടറിൽ ഡെന്മാർക്കിന്റെ ലിനെ ഹൊമാർക്ക് ജീർഫീൽഡിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി.
ആദ്യ ഗെയിം 8-21നു കൈവിട്ടശേഷമായിരുന്നു സൈനയുടെ തിരിച്ചുവരവ്. സ്കോർ: 8-21, 21-16, 21-13. ആദ്യ റൗണ്ടിൽ സ്കോട്ട്ലൻഡിന്റെ ക്രിസ്റ്റി ഗിൽമറിനെ നേരിട്ടുള്ള ഗെയിമുകൾക്ക് സൈന കീഴടക്കിയിരുന്നു,21-17, 21-18. പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
പുരുഷ സിംഗിൾസിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റ്ലിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-17, 11-21, 21-12ന് കീഴടക്കിയാണ് ശ്രീകാന്ത് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഫ്രാൻസിന്റെ ബ്രിസ് ലെവർഡെസിനെ 21-13, 21-11 കീഴടക്കിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സായ് പ്രണീത് രണ്ടാം റൗണ്ടിൽ ഹോങ്കോംഗിന്റെ കാ ലോംഗ് അൻഗസിനോട് 21-12, 21-17ന് പരാജയപ്പെട്ട് പുറത്തായി.