ലണ്ടൻ: ആവശ്യത്തിനു ജോലിക്കാരില്ലാതെ താറുമാറാകുന്ന നഴ്സിംഗ് മേഖലയെ നേരെയാക്കാൻ യുകെയിലെ പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ സംയുക്തമായി കേരളത്തിൽ നടത്തുന്ന ഇന്റർവ്യൂ ഈ മാസം എട്ടിന് കൊച്ചിയിൽ ആരംഭിക്കും.
ഐഇഎൽടിഎസ് പാസായവർക്കും റിസൽട്ട് പ്രതീക്ഷിക്കുന്നവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫ്ലൈറ്റ് ടിക്കറ്റും, ഐഇഎൽടിഎസ് ഫീസും സൗജന്യമായി നൽകും.
ബ്രിട്ടനിലെ ഇരുപത്തിയഞ്ചോളം ആശുപത്രികളിലേക്കാണ് ഇന്റർവ്യൂ. വിഡിയോ കോണ്‍ഫൻസ് വഴി നടത്തുന്ന ഇന്റർവ്യൂവിൽ അപേക്ഷകർക്ക് എവിടെനിന്നു വേണമെങ്കിലും പങ്കെടുക്കാം.
ഐഇഎൽടിഎസിന് ഗ്രേഡ് ഏഴും, ഒഇടി പരീക്ഷയ്ക്ക് ബി ഗ്രേഡും ഉള്ളവർക്ക് ഉടൻ തന്നെ നിയമനം ലഭിയ്ക്കും. ഇത്തരക്കാർക്ക് സൗജന്യ വിമാന ടിക്കറ്റും, വീസ ഫീസും, മൂന്നു മാസ താമസ സൗകര്യവും ലഭ്യമാക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടര മാസത്തിനകം ബ്രിട്ടനിലെത്തി ജോലി ആരംഭിക്കാനാവും. ഇതിന് ഒരുവിധത്തിലുള്ള സർവീസ് ചാർജും നൽകേണ്ട.
വിദേശ റിക്രൂട്ട്മെന്റിന് ബ്രിട്ടൻ കഴിഞ്ഞ വർഷം വീണ്ടും അനുമതി നൽകിയതോടെയാണ് മലയാളി നഴ്സുമാരെ തേടി സുവർണാവസരം എത്തിയത്. റിക്രൂട്ടിംഗ് ഏജൻസിയായ നഴ്സിംഗ് ജോബ് യുകെ ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്റർവ്യൂ ഈ മാസം 22 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക്: www.nursingjobsuk.co.uk/nhs-at-kochi
ജോസ് കുന്പിളുവേലിൽ