ജോജി തോമസ്
കാഞ്ഞിരപ്പള്ളി: എട്ടു വർഷം മുന്പ് തിരുഹൃദയ ചെടിയിൽ നിന്ന് കൃഷിയുടെ മേഖലയിലേക്ക് കടന്നു വന്ന ബിസ്മി ഇന്ന് കേരളം അറിയപ്പെടുന്ന യുവകർഷകയാണ്. സ്ഥലപരിമിതി മൂലം ഇന്ന് പലരും കൃഷിയിലേക്ക് വരാൻ മടിക്കുന്പോൾ ഒരു ചെടിച്ചെട്ടി വയ്ക്കാൻ ഇടമുണ്ടെങ്കിൽ എത്ര കിലോ പച്ചക്കറി വേണമെങ്കിലും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബിസ്മിയെന്ന ഈ യുവകർഷക.
അയൽവാസികൾ തന്ന ചെടികളിൽ നിന്നും ചെടിക്കൃഷിയിലേക്ക് കടന്ന ബിസ്മി പിന്നീട് വീട്ടിൽ സ്വന്തമായി പച്ചക്കറിത്തോട്ടം തുടങ്ങി. വെർട്ടിക്കൽ കൃഷി രീതിയിലൂടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. മൂന്നരയടിയോളം പൊക്കത്തിൽ ഇരുന്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി. ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കും.
ഒരു കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് ഈ കൃഷിയുടെ മറ്റൊരു പ്രത്യേകത. വെർട്ടിക്കൽ വെജിറ്റബിൾ കൃഷി ആദ്യമായിട്ട് തുടങ്ങുന്നതും ബിസ്മിയാണ്. 10 മുതൽ 15 കിലോ പച്ചക്കറി വരെ ഒറ്റ കൂടയ്ക്കുള്ളിൽ നിന്നു ലഭിക്കും. പലതരം ചീരകൾ, പച്ച കാബേജ്, ചൈനീസ് കാബേജ്, റെഡ് കാബേജ്, വൈലറ്റ് കാബേജ്, കോളിഫ്ലവർ, ഉള്ളി, കിഴങ്ങ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, ലുലുമാളിൽ മാത്രം കിട്ടുന്ന നോകോൾ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്യുന്നത്.
വെർട്ടിക്കൽ രീതിക്കു പുറമെ ഗ്രോബാഗിലും പച്ചക്കറികൾ ബിസ്മി വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്.പച്ചക്കറിത്തോട്ടം മാത്രമല്ല, വിവിധയിനം ചെടികളുടെയും കൃഷി ബിസ്മിക്കുണ്ട്. ചെടികളിലെ പ്രധാന കൃഷി ഓർക്കിഡാണ്. ഓർക്കിഡ് കൃഷി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ നിരവധി പേരാണ് ബിസ്മിയുടെ അടുത്തെത്തുന്നത്.
ചൂട് കനത്തതോടെ കിണറ്റിലെ വെള്ളം വറ്റി പോയതിനാൽ പച്ചക്കറികളും ചെടികളും നനയ്ക്കാനായി ആഴ്ചയിൽ ഏഴായിരം ലിറ്റർ വെള്ളമാണ് വാങ്ങിക്കുന്നത്.ചെടി – പച്ചക്കറി കൃഷികളിലൂടെ മികച്ച വരുമാനം നേടാനാകുന്നതായി ബിസ്മി പറഞ്ഞു.
പച്ചക്കറികൾ കാളകെട്ടി കാർഷിക മാർക്കറ്റിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ചെടികൾ എറണാകുളം, ചാലക്കുടി, മണ്ണൂത്തി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുമായാണ് വിറ്റഴിക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ യുവകർഷകയ്ക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ബിസ്മിക്ക് ലഭിച്ചിട്ടുണ്ട്.
കൃഷിയോട് താത്പര്യവും മനസും ഉണ്ടെങ്കിൽ സ്ഥലപരിമിതി ഒരു തടസമല്ലെന്നും ഭർത്താവിന്റെയും മക്കളുടെയും പിന്തുണയാണ് തന്നെ മികച്ച യുവകർഷകയാക്കിയതെന്നും ബിസ്മി പറഞ്ഞു. കുന്നുംഭാഗം കണിച്ചുകാട്ട് ബിനു ജോർജാണ് ഭർത്താവ്. മക്കൾ: ബിബിൻ, മിന്നു, മീനു.
ആരോരുമില്ലാത്ത അമ്മമാർക്ക് സ്നേഹക്കൂടൊരുക്കി നിഷ
കോട്ടയം: ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്നു തുടങ്ങിയ സാമൂഹ്യപ്രവർത്തനത്തിലൂടെ നിരവധി അനാഥരായ അമ്മമാരെ സനാഥരാക്കിയ സംതൃപ്തിയിലാണ് നിഷയെന്ന യുവതി. വീണ്ടുമൊരു വിനിതാദിനം കടന്നുവരുന്പോൾ നിഷയ്ക്ക് പറയാനുള്ളത് നിരവധിയായ അനുഭവങ്ങളാണ്.
പ്രായമായ അമ്മമാർക്കു മാത്രമല്ല സ്നേഹക്കൂട് എന്ന പേരിൽ നിഷ അഭയമരുളുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കു വരുമാനമാർഗമെന്ന നിലയിൽ ചെറിയ പെട്ടിക്കടകൾ നൽകി. ഭിന്നശേഷിക്കാർക്കുവേണ്ടി മുച്ചക്രവാഹനങ്ങളും സ്ത്രീകൾക്ക് തയ്യൽ മെഷീനുകളും നൽകി അവരെ സ്വയം പര്യാപ്തമാക്കുകയാണ് ചെയ്യുന്നത്.
സ്നേഹക്കൂടെന്ന നിഷയുടെ കൂട്ടായ്മ അഞ്ചു ജില്ലകളിലായി അഞ്ചു വീട് ഇതിനോടകം നിർമിച്ചു നൽകി. നിർധനരായ ആറു പെണ്കുട്ടികളെ വിവാഹംനടത്തി കുടുംബിനികളാക്കി. 350 ൽപരം കുട്ടികളുടെ പഠനചെലവും വഹിക്കുന്നു. കോട്ടയം വടവാതൂർ കളത്തിപ്പടി കാരാണികലുങ്ക് അഭയമന്ദിരത്തിലെ സ്നേഹക്കൂട്ടിൽ ഇന്നു 16 അമ്മമാരെ സംരക്ഷിക്കുന്നുണ്ട്.
ഇതിനോടകം വഴിയെറ്റി അലഞ്ഞിരുന്ന 33 അമ്മമാരെ തിരിച്ചെത്തിക്കാൻ സാധിച്ച സംതൃപ്തിയിലാണ് സ്നേഹക്കൂടിന്റെ സാരഥിയായ നിഷ. അനാഥരായ നിരവധി പേരെ സംരക്ഷിക്കുന്നതിനു നിഷയ്ക്ക് കൈത്താങ്ങാകുന്നത് വഴിയോര വിപണനശാലയിൽനിന്നുള്ള വരുമാനമാണ്.
അമ്മമാരുടെ കൈപ്പുണ്യം വിളന്പാൻ ഒരു ഭക്ഷണശാല
അമ്മമാരുടെ ചികിത്സയ്ക്കു പണം കണ്ടെത്താനും സ്നേഹക്കൂട്ടിലെ പെണ്കുട്ടികൾക്കു തൊഴിലവസരം നൽകാനുമായി കോട്ടയം കളത്തിപ്പടിയിൽ വഴിയോര ഭക്ഷണശാല നടത്തുന്നുണ്ട്. അമ്മമാരുടെ സ്നേഹത്തിൽ പൊതിഞ്ഞ നാടൻ വിഭവങ്ങളാണ് ഇവിടെ വിളന്പുന്നത്. കഞ്ഞിയും കപ്പയും കാച്ചിലും ചക്കയും മുളകു ചുട്ടരച്ച ചമ്മന്തിയുമൊക്കെയായി പഴമയിലേക്കൊരു തിരിച്ചുപോക്കാണ് നിഷ ആഗ്രഹിച്ചത്. കലർപ്പില്ലാത്ത നാടൻ വിഭവങ്ങൾ നൽകണമെന്ന ആഗ്രഹത്തെത്തുടർന്നാണ് വഴിയോര ഭക്ഷണശാല എന്ന ആശയത്തിലെത്തിയത്.
രാവിലെ ആരംഭിക്കുന്ന ഭക്ഷണശാലയിൽ കപ്പയും മീനും ചോറുമായി തുടങ്ങും. ഉച്ചകഴിയുന്പോൾ ബജി വിഭവങ്ങൾ റെഡിയാകും. വൈകുന്നേരങ്ങളിൽ കഞ്ഞിയും ദോശയും ഭക്ഷണശാലയെ സജീവമാക്കും. ഭക്ഷണം കഴിച്ച് വയറും മനസും നിറയുന്ന അതിഥികൾ നിറഞ്ഞ മനസോടെ ഭക്ഷണത്തിന്റെ വിലയിൽ കൂടുതലുള്ള തുക നൽകാറുണ്ടെന്നും നിഷ പറയുന്നു.
സ്നേഹം ഉള്ളിലൊതുക്കാനല്ല, മറ്റുള്ളവരോടു പ്രകടിപ്പിക്കാനുള്ളതാണ്. നിരവധി അമ്മമാരുടെ സ്നേഹം ഏറ്റുവാങ്ങി നിഷയുടെ പ്രവർത്തനം കൂടുതൽ മേഖലയിലേക്കു കടന്നുചെല്ലുകയാണ്. കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നു. ദിവസവും ഭക്ഷണം കഴിക്കാൻ സാഹചര്യമില്ലാത്ത നിരവധി പേരാണു തങ്ങളുടെ വഴിയോര ഭക്ഷണ ശാലയിൽനിന്ന് തൃപ്തരായി മടങ്ങുന്നത്.
19 വയസിൽ തുടങ്ങിയ സാമൂഹികസേവനത്തിനു കുടുംബത്തിൽനിന്നും വേണ്ടപ്പെട്ടവരിൽ നിന്നുമൊന്നും ആദ്യകാലത്ത് പിന്തുണ ലഭിച്ചിരുന്നില്ലെന്നു നിഷ ഓർക്കുന്നു. വിമർശനങ്ങളെ അതിജീവിച്ചു പ്രവർത്തനങ്ങൾ മുന്നേറിയപ്പോൾ നിഷയുടെ കളങ്കമറ്റ സ്നേഹത്തിന് അംഗീകാരങ്ങൾ ലഭിച്ചു തുടങ്ങി.
തള്ളിപ്പറഞ്ഞവർ പലരും നിഷയുടെ മനസിലെ നന്മ മനസിലാക്കി പിന്തുണച്ചു. ഭർത്താവ് മജേഷും മക്കളായ മീനാക്ഷിയും (ഒന്പതാം ക്ലാസ്), കല്യാണിയും (ഏഴാം ക്ലാസ്) സഹായത്തിനുണ്ട്. അമ്മക്കിളികൾക്ക് സ്നേഹക്കൂടൊരുക്കി കാത്തിരിക്കുന്ന നിഷ ഇങ്ങനെയാണ് പറയുന്നത്.
അമ്മമാരുടെ കൂടെ ചെലവഴിക്കുന്ന സമയം ഞാനും അവരിലൊരാളാകുന്നു. വേദനിക്കുന്നവരുടെ കൂടെ കഴിയുന്പോൾ ആ വേദന ഞാനും അനുഭവിക്കുന്നു. എന്റെ ഈ ശൂന്യമായ കൈകൾ ചേർത്ത് എന്നാലാവുന്ന സാന്ത്വനം ഞാൻ നൽകുന്നു.