കൊല്ലം: മർദനമേറ്റ് പ്രവാസി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മദ്യപസംഘത്തിൽപ്പെട്ട ചിലരെ ചോദ്യം ചെയ്തുവരികയാണ്. ഉമയനല്ലൂർ പേരയം പുലരിയിൽ ഷൈൻ (47) ആണ് മരിച്ചത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ ചിലരാണ് ഇയാളെ മർദിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മദ്യപസംഘത്തിൽപ്പെട്ട ചിലരെക്കുറിച്ച് വിവരം ലഭിച്ചത്. മുഖത്തും തലയ്ക്കും പരിക്കേറ്റ ഷൈൻ ചികിത്സതേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു. അയൽവാസിയും മറ്റൊരു യുവാവും ചേർന്ന് ഷൈനെ മർദിച്ചതായി വീട്ടുകാരും പോലീസിന് മൊഴിനൽകിയിരുന്നു.