തിരുവനന്തപുരം: വിതുര തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിനെ പിടികൂടാൻ കരുക്കൾ നീക്കിയത് തിരുവനന്തപുരം റൂറൽ എസ്പി. അശോകൻ. കഴിഞ്ഞ ഒരു മാസക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന ഷെഫീഖ് അൽഖാസിമിനെ പിടികൂടാൻ റൂറൽ എസ്പി അശോകൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
ഇമാമിന് ഒളിവിൽ പോകാൻ സഹായം ചെയ്ത് കൊടുത്തതിന് സഹോദരൻമാരെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണമാണ് ഇമാമിനെ പിടികൂടാൻ ഇടയാക്കിയത്. ഇമാമിന്റെ സഹായി പെരുന്പാവൂർ സ്വദേശിയായ നൗഷാദിന്റെ മൊബൈൽ ഫോണ്‍ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുരയിൽ ഒളിവിൽ കഴിയുന്ന ഇമാമിന്റെ ഒളിസങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
നൗഷാദിന്റെ നിർദേശാനുസരണം പെരുന്പാവൂർ സ്വദേശിയായ റാഫിയാണ് ഇമാമിനോടൊപ്പം സഹായി ആയിട്ട്് ഒളിവ് സങ്കേതങ്ങളിൽ ഉണ്ടായിരുന്നത്. ഇയാൾ ഇമാമിന്റെ ഡ്രൈവറായും പ്രവർത്തിച്ച് വരികയായിരുന്നു. റാഫിയുടെയും നൗഷാദിന്റെയും ടെലിഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇമാം ഓരോ ദിവസവും ഒളിസങ്കേതം മാറുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസിന് മനസ്സിലാക്കാൻ സാധിച്ചു.
ഇമാമിനെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പുതുതായി ചുമതലയേറ്റ എസ്പി. അശോകൻ കേസിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഇമാമിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. അതേ സമയം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇമാമിനെ വിശദമായി പോലീസ് സംഘം ചോദ്യം ചെയ്യും. ഇമാമിന് സഹായം ചെയ്ത് കൊടുത്ത കൂടുതൽ പേർ കുടുങ്ങും.
ഇമാമിനെ പിടികൂടാൻ റൂറൽ എസ്പി. അശോകൻ മധുര, ഉൗട്ടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇമാമിന്റെ നീക്കങ്ങൾ മനസ്സിലാക്കി കഴിഞ്ഞ ദിവസം മധുരക്ക് എട്ട് കിലോമീറ്റർ അകലെയുള്ള ലോഡ്ജിൽ നിന്നും ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇമാമിനെയും സഹായികളെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തിങ്കളാഴ്ച ഇമാമിനെ പോലീസ് കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും. അതിന് ശേഷമായിരിക്കും വിശദമായ തെളിവെടുപ്പ് നടത്തുകയെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.