ആലുവ: 30 ശതമാനം വർധനവ് പ്രത്യേകമായി ബസ് ചാർജിൽ വരുത്തിയതോടെ കെഎസ്ആർടിസിക്ക് 38 ലക്ഷം രൂപയുടെ ശിവരാത്രി വരുമാനം. ശിവരാത്രി ദിനമായ മാർച്ച് നാലിന് നടത്തിയ ബസ് സർവീസാണ് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വരുമാനം നേടി ലാഭകരമായത്.
ഇതിനായി 194 ബസുകളാണ് ഉപയോഗിച്ചത്. ഓരോബസും 19,000 രൂപ വീതം ശരാശരി വരുമാനം നേടി. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇവ സേവനം നൽകിയത്. ആകെ 72,766 കിലോമീറ്റർ ഓടിയതുമായി കണക്കുകൂട്ടിയാൽ ഒരു കിലോമീറ്ററിന് 53 രൂപ വീതമാണ് കെഎസ്ആർടി സിക്ക് വരുമാനം.
ആലുവ ഡിപ്പോയ്ക്കു പുറത്തുനിന്ന് 64 ബസുകൾ ശിവരാത്രി സ്പെഷലായി ഉപയോഗിച്ചു. ഇവ കൂടുതലായി ഓടിയത് തൃശൂർ ഭാഗത്തേയ്ക്കാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ശിവരാത്രി മണപ്പുറത്തേക്ക് തൃശൂർ ജില്ലയിൽനിന്നാണ് കൂടുതലാളുകൾ ബസുകളിലെത്തിയത്.
ആലുവ ഡിപ്പോയിലെ 62 ബസുകളോടൊപ്പം കെഎസ്ആർടിസിയുടെ മറ്റ് ഡിപ്പോകളിൽനിന്ന് അധികമായി 32 ബസുകൾ എത്തിച്ച് രാത്രി സർവീസ് നടത്തിയതിന്റെ ഫലമായി 17,54,652 രൂപയാണ് ആലുവയിൽനിന്ന് കഴിഞ്ഞ വർഷം നേടിയത്.