തൃപ്പൂണിത്തുറ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ തലയ്ക്കടിച്ചു മാരകമായി പരിക്കേൽപ്പിച്ച് ആറര പവൻ സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ യുവാവിനെയും യുവതിയെയും ഇന്നു കോടതിയിൽ ഹാജരാക്കും. ഹിൽപ്പാലസ് എസ്ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടിയ പ്രതികളെ സ്ഥലത്തെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
കാഞ്ഞിരമറ്റം ചാലക്കപാറ മാന്തറപ്പറന്പിൽ അബിൻസ്(36) തമ്മനം അപ്പോളോ റോഡ് ഷാജി നിവാസിൽ മഞ്ജുഷ (30) എന്നിവരെയാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് പിടികൂടിയത്. ഏരൂർ ലേബർ കോർണറിൽ കൊച്ചുപുരയ്ക്കലിൽ മുൻ അധ്യാപികയായ രഘുപതിയെ (79) ആക്രമിച്ചാണു പ്രതികൾ സ്വർണം കവർന്നത്.
മാലയും വളകളും ഉൾപ്പെടെയാണ് കവർന്നത്. നേരത്തെ വേറെ വിവാഹം കഴിച്ചിട്ടുള്ള ഇരുവരും ആ ബന്ധം ഉപേക്ഷിച്ച് ഒരുമിച്ചു വടുതലയിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ 20ന് അബിൻസ് രഘുപതിയുടെ വീട്ടിലെത്തി വിവരങ്ങൾ മനസിലാക്കി. 22നു മഞ്ജുഷയുമായി വീണ്ടും എത്തിയായിരുന്നു കവർച്ച.
മോപ്പഡിൽ ഇരുവരും രഘുപതി താമസിക്കുന്ന വീട്ടിലെത്തി കേബിൾ നെറ്റ് വർക്കിന്റെ ആളുകളാണെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തി. വാതിൽ തുറന്നു പുറത്തു വന്ന ഉടൻ രഘുപതിയെ തലയ്ക്കടിച്ചു വീഴ്ത്തി. താഴെ വീണ അധ്യാപികയുടെ മാലയും വളകളും അബിൻസ് മോഷ്ടിച്ചപ്പോൾ മഞ്ജുഷ പുറത്തു മോപ്പഡ് സ്റ്റാർട്ടാക്കി കാത്തുനിൽക്കുകയും കവർച്ചയ്ക്കുശേഷം ഇരുവരും മോപ്പഡിൽ സ്ഥലംവിട്ടതായുമാണ് പോലീസ് നൽകുന്ന വിവരങ്ങൾ.
അന്വേഷണത്തിൽ സമീപത്ത് പ്രവർത്തിക്കുന്ന ബാങ്കിലെ സിസിടിവിയിൽനിന്നു പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട് ആർടിഒ ഓഫീസ് മുഖാന്തരം വണ്ടി നന്പർ പിന്തുടർന്നാണു പ്രതികളെ പിടികൂടിയത്.