ചിതലിനറിയില്ലല്ലോ മൊതലിന്റെ വില! പിന്നിട്ട വഴികളുടെ നേര്‍ചിത്രങ്ങള്‍ ചിതല്‍ തിന്നെന്ന് പിഷാരടി; 1400 കോടിയുടെ കരാര്‍ രേഖ വരെ കാണാതെ പോകുന്നു, അപ്പോഴാണോ ഇതെന്ന് ആരാധകര്‍

അറിയപ്പെടുന്ന കലാകാരന്മാരില്‍ ബഹുഭൂരിപക്ഷവും വലിയ കഠിനാധ്വാനത്തിലൂടെ ഇപ്പോള്‍ കാണുന്ന നിലയിലെത്തിയവരാണ്. അതുകൊണ്ട് തന്നെ വന്ന വഴികളെക്കുറിച്ചുള്ള ഓര്‍മകള്‍ അവരെ സംബന്ധിച്ച് അമൂല്യമായിരിക്കും. ഇത്തരത്തില്‍ താന്‍ കടന്നുപോന്ന വഴികളെക്കുറിച്ചുള്ള ഓര്‍മകളുടെ ശേഖരത്തിലേയ്ക്ക് കടന്നു കയറിയ ചില വില്ലന്മാരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടി.

കാലങ്ങളായി താന്‍ സൂക്ഷിച്ചു വച്ചിരുന്ന ചില സര്‍ട്ടിഫിക്കറ്റുകളും രേഖകളും കുറിപ്പുകളും ചിതല്‍ തിന്നതിന്റെ ദയനീയ കാഴ്ചയാണ് പിഷാരടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പിഷാരടിയുടെ വാക്കുകളിങ്ങനെ…

‘ചിതലിനറിയില്ല മൊതലിന്‍ വില… പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി. ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി… 2005 ഡിസംബറില്‍ 25 പരിപാടി, മഴക്കാലമായ ജൂലൈയില്‍ 10 പരിപാടി. ഒരു റേഡിയോ അഭിമുഖത്തില്‍ ‘മാസം 30 സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ‘എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം ‘മുപ്പതോ? തള്ളല്ലല്ലോ അല്ലേ?’ തള്ളിക്കളയാനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍’. – പിഷാരടി കുറിച്ചു.

രസകരമായ പല കമന്റുകളും ആരാധകര്‍ പിഷാരടിയ്ക്ക് സമ്മാനിക്കുന്നുണ്ട്. 1400 കോടി രൂപയുടെ കരാര്‍ രേഖ വരെ കാണാതാകുന്നു പിന്നാണോ ഇത് എന്നൊക്കെയാണ് കമന്റുകള്‍ നീളുന്നത്.

Related posts