മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി) തട്ടിപ്പിൽ രാജ്യംവിട്ട നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സർക്കാർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. അലിബാഗിലെ നൂറു കോടി രൂപ മൂല്യമുള്ള കെട്ടിടമാണ് പൊളിച്ചത്. അനധികൃത നിർമാണമെന്ന് കണ്ടെത്തി ബംഗ്ലാവ് പൊളിച്ചുമാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അലിബാഗിലെ കൈയേറ്റ ഭൂമിയിലാണ് 33,000 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവിന്റെ നിർമാണത്തിനായി നീരവ് മോദി ചെലവഴിച്ചതെന്ന് വിവരം. പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച നിർമിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി ബംഗ്ലാവും പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നു റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.
എന്നാൽ റിസോർട്ടിന് സമാനമായ കെട്ടിടം പൊളിച്ചുമാറ്റുന്നത് എളുപ്പമല്ലാത്തതിനാൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കളക്ടർ തീരുമാനമെടുക്കുകയായിരുന്നു. 30 കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തൂണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തകർത്തു.
ബംഗ്ലാവ് പൊളിക്കുന്നതിനെതിരെ ഹർജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനധികൃത നിർമാണം പൊളിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്ഫോടനത്തിലൂടെ തകർത്ത കെട്ടിടത്തിലെ അകത്തെ മൂല്യമേറിയ വസ്തുക്കൾ ലേലത്തിൽ വയ്ക്കുമെന്നാണ് വിവരം.
#WATCH Maharashtra: PNB Scam accused Nirav Modi’s bungalow in Alibag, Raigad district demolished by authorities. pic.twitter.com/ngrJstNjoa
— ANI (@ANI) March 8, 2019