റെനീഷ് മാത്യു
കണ്ണൂർ: വയനാട് വൈത്തിരിക്ക് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി. കബനിദളത്തിലെ നേതാവും തമിഴ്നാട് സ്വദേശിയുമായ ചന്ദ്രുവിനാണ് പരിക്കേറ്റത്. ഇയാളുടെ തോളെല്ലിനാണ് വെട്ടിയേറ്റതെന്നും പരിക്ക് ഗുരുതരമെന്നുമാണ് പോലീസ് നൽകുന്ന സൂചന.
ഏറ്റുമുട്ടലിൽ കബനിദളത്തിലെ പ്രചാരണ നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രു കർണാടകത്തിലും തമിഴ്നാട്ടിലും ചികിത്സ തേടാൻ സാധ്യതയുള്ളതിനെ തുടർന്ന് കേരള പോലീസ് വിവരങ്ങൾ തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ചിനും കർണാടകത്തിലെ നക്സൽ വിരുദ്ധ സേനയ്ക്കും കൈമാറിയിട്ടുണ്ട്.
വീരാജ്പേട്ട, മടിക്കേരി, ചിക്കമംഗളൂർ എന്നിവിടങ്ങളിലെ ആശുപത്രികൾ കർണാടക നക്സൽ വിരുദ്ധ സേനയുടെ നിരീക്ഷണത്തിലാണ്. വെടിയേറ്റ് ഓടിയ ചന്ദ്രുവിനെ തണ്ടർബോൾട്ട് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. റിസോർട്ടിന് പുറത്ത് കാത്തുനിന്ന എട്ടംഗസംഘത്തോടൊപ്പം ചന്ദ്രു രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം.
രക്തപ്പാടുകൾ കണ്ട ഏകദേശം രണ്ട് കിലോമീറ്ററോളം വനത്തിലേക്ക് തണ്ടർബോൾട്ട് പോയെങ്കിലും കണ്ടെത്താനായില്ല. അതേ സമയം മാവോയിസ്റ്റുകൾക്കെതിരേ ശക്തമായ നടപടിയുമായി “ഓപ്പറേഷൻ അനക്കൊണ്ട’ തുടരാൻ ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നല്കി. പോലീസിനെ മാവോയിസ്റ്റുകൾ ആക്രമിച്ചാൽ തിരിച്ച് വെടിവയ്ക്കുവാൻ തണ്ടർബോൾട്ടിന് നിർദേശം നൽകിയിട്ടുണ്ട്.
2018 ഡിസംബർ മുതൽ വയനാട്, കോഴിക്കോട് റൂറൽ, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓപ്പറേഷൻ അനക്കൊണ്ട എന്ന പേരിൽ തിരച്ചിൽ ഊർജിതമാക്കിയത്. തണ്ടർബോൾട്ട്, ആന്റി നക്സൽ സ്ക്വാഡ്, പ്രാദേശിക പോലീസ് എന്നിവയുടെ പങ്കാളിത്തത്തോടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് തിരച്ചലിൽ പങ്കെടുക്കുന്നത്. ആഭ്യന്തരസുരക്ഷാ വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും തീരുമാനിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ.