കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടപടികള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് നടന് ദിലീപ്. ഈയവസരത്തില്‍ വിധി അനുകൂലമാകാന്‍ ദൈവാനുഗ്രഹം തേടി ചെറുവള്ളി ജഡ്ജിയമ്മാന്‍ കോവലില്‍ എത്തിയിരിക്കുകയാണ് ദിലീപ്.
കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്താനായി താരം എത്തിയത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന് കോവിലില്‍ ദിവസവും പ്രധാന ക്ഷേത്രത്തിലെ നടയടച്ചതിനുശേഷമാണ് പൂജ. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.
ചെറുവള്ളിലമ്മയുടെ ശ്രീകോവിലിനു മുന്പില് പ്രാര്‍ത്ഥിച്ച് കാണിക്കയര്‍പ്പിച്ചാണ് ജഡ്ജിയമ്മാന്‍ കോവിലില്‍ വഴിപാടിനെത്തിയത്. ധര്‍മ്മരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂര്‍ സദര്‍കോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
അതേസമയം, ദിലീപ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളെടുക്കുന്നത് ഫാന്‍സ് അസോസിയേഷന് ഭാരവാഹികളെന്ന് പറഞ്ഞ സംഘം തടഞ്ഞു. ദിലീപിനൊപ്പമെത്തിയവര് ആയിരുന്നു ഇവര്‍. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെയും നടന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച കുട്ടികളെയും വരെ തടഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഇവര്‍ മായ്ച്ചുകളഞ്ഞു. ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങിയ സമയത്ത് സെല്‍ഫിയെടുക്കാന്‍ കുറച്ച് സമയം ദിലീപ് നിന്നു കൊടുക്കുകയും ചെയ്തു.