റാഞ്ചി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പര മൂന്നാം ജയത്തിലൂടെ റാഞ്ചാമെന്ന ടീം ഇന്ത്യയുടെ സ്വപ്നം വിഫലം. റാഞ്ചി ഏകദിനത്തിൽ ഓസ്ട്രേലിയ 32 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. 41-ാം സെഞ്ചുറിയിലൂടെ ക്യാപ്റ്റൻ വിരാട് കോഹ്ലി പൊരുതിയെങ്കിലും ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാനായില്ല. കന്നി സെഞ്ചുറിയിലൂടെ ഖവാജയാണ് ഓസ്ട്രേലിയയെ ജയത്തിലേക്ക് നയിച്ചത്. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 313. ഇന്ത്യ 48.2 ഓവറിൽ 281.
കോഹ്ലി മാത്രം
അച്ചടക്കമില്ലാത്ത ബൗളിംഗിലൂടെ ഇരന്നുവാങ്ങിയ 314 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കാൻ ക്യാപ്റ്റൻ വിരാട് കോഹ് ലി മാത്രമാണ് ശ്രമിച്ചത്. ഓപ്പണർമാരായ ശിഖർ ധവാനും (ഒരു റണ്‍) രോഹിത് ശർമയും (14 റണ്‍സ്) അഞ്ച് ഓവർ പൂർത്തിയാകുന്നതിനു മുന്‍പ് പവലിയനിലെത്തി. ധവാന്റെ മോശം ഫോം ടീമിന് തലവേദനയാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. പിന്നാലെയെത്തിയ അന്പാട്ടി റായുഡുവിനും (രണ്ട് റണ്‍സ്) തലതാഴ്ത്തി മടങ്ങാനായിരുന്നു വിധി.
എന്നാൽ, 41-ാം സെഞ്ചുറിയിലൂടെ കോഹ്ലി മാത്രം ചെറുത്തുനിന്നു. 95 പന്തിൽ 123 റണ്‍സ് നേടിയ കോഹ്ലിയെ സാംപ ബൗൾഡാക്കിയതോടെ ഇന്ത്യയുടെ പതനം പൂർണമായി.
സ്വന്തം നാട്ടുകാരുടെ മുന്നിൽ ഇറങ്ങിയ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് 26 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സാംപയുടെ പന്തിൽ ധോണി ബൗൾഡായി. റാഞ്ചിയിൽ ധോണിയുടെ അവസാന ഏകദിനമാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. പരന്പരയിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ധോണിക്ക് വിശ്രമം നല്കി.
ഖവാജയുടെ കന്നി സെഞ്ചുറി
ഇന്ത്യൻ ബൗളർമാർക്ക് സമീപനാളിൽ ഇത്രയും നിരാശപ്പെടേണ്ടിവന്നിട്ടില്ല. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും വിരാട് കോഹ്ലിക്ക് ഓസ്ട്രേലിയൻ റണ്ണൊഴുക്കിന് തടയിടാനും സാധിച്ചില്ല. കന്നി ഏകദിന സെഞ്ചുറിയിലൂടെ ഓപ്പണർ ഉസ്മാൻ ഖവാജയും നാളുകൾക്കുശേഷം അർധശതകം പിന്നിട്ട ആരോണ്‍ ഫിഞ്ചും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചെടുത്തത് 31.5 ഓവറിൽ 193 റണ്‍സ്.
ഒന്നാം വിക്കറ്റിലെ ഈ കൂട്ടുകെട്ട് കളിയിൽ ഓസ്ട്രേലിയയ്ക്ക് അപ്രമാദിത്വം നല്കി. 113 പന്തിൽനിന്ന് 11 ഫോറും ഒരു സിക്സും അടക്കം 104 റണ്‍സ് ഖവാജ സ്വന്തമാക്കി. 99 പന്തിൽ മൂന്ന് സിക്സും 10 ഫോറും അടക്കം 93 റണ്‍സ് ഫിഞ്ച് അടിച്ചെടുത്തു.
ഫിഞ്ചിന്റെ എൽബിഡബ്ല്യു
ബോൾ ട്രാക്കിംഗ് സാങ്കേതിക വിദ്യയിലെ പിഴവ് വെളിപ്പെടുത്തുന്നതായിരുന്നു ആരോണ്‍ ഫിഞ്ചിന്റെ എൽബിഡബ്ല്യു. കുൽദീപ് യാദവിന്റെ പന്തിലാണ് ഓസീസ് ക്യാപ്റ്റൻ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് പിച്ച് ചെയ്തതെങ്കിലും ടേണ്‍ ചെയ്ത് മിഡിൽ സ്റ്റംപിനു നേർക്കായിരുന്നു വന്നത്.
റൺസ് വഴങ്ങി സ്പിന്നർമാർ
ഇന്ത്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജയും (10 ഓവറിൽ 64) കേദാർ ജാദവും (രണ്ട് ഓവറിൽ 32) കുൽദീപ് യാദവും (10 ഓവറിൽ 64) ചേർന്ന് 22 ഓവറിൽ വഴങ്ങിയത് 160 റണ്‍സ്. അവസാന ഓവറുകളിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും അല്പം മിതത്വം കാട്ടിയതാണ് ഓസീസ് സ്കോർ 350 കടക്കാതിരിക്കാൻ കാരണം.
സ്കോർബോർഡ്
ടോസ്: ഇന്ത്യ
ഓസ്ട്രേലിയ ബാറ്റിംഗ്: ഫിഞ്ച് എൽബിഡബ്ല്യു ബി കുൽദീപ് 93, ഖവാജ സി ബുംറ ബി ഷാമി 104, മാക്സ്വെൽ റണ്ണൗട്ട് 47, ഷോണ്‍ മാർഷ് സി വിജയ് ബി കുൽദീപ് 7, സ്റ്റോയിൻസ് നോട്ടൗട്ട് 31, ഹാൻഡ്സ്കോന്പ് എൽബിഡബ്ല്യു ബി കുൽദീപ് 0, കറെ നോട്ടൗട്ട് 21, എക്സ്ട്രാസ് 10, ആകെ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 313.
ബൗളിംഗ്: ഷാമി 10-0-52-1, ബുംറ 10-0-53-0, ജഡേജ 10-0-64-0, കുൽദീപ് 10-0-64-3, വിജയ് ശങ്കർ 8-0-44-0, കേദാർ ജാദവ് 2-0-32-0.
ഇന്ത്യ ബാറ്റിംഗ്: ധവാൻ സി മാക്സ്വെൽ ബി റിച്ചാർഡ്സണ് 1, രോഹിത് എൽബിഡബ്ല്യു ബി കമ്മിൻസ് 14, കോഹ്ലി ബി സാംപ 123, റായുഡു ബി കമ്മിൻസ് 2, ധോണി ബി സാംപ 26, വിജയ് ശങ്കർ സി റിച്ചാർഡ്സണ് ബി ലിയോണ്‍ 32, ജഡേജ സി മാക്സ്വെൽ ബി റിച്ചാർഡ്സണ് 24, കുൽദീപ് സി ഫിഞ്ച് ബി കമ്മിൻസ് 10, ഷാമി സി കമ്മിൻസ് ബി റിച്ചാർഡ്സണ് 8, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 15, ആകെ 48.2 ഓവറിൽ 281.
ബൗളിംഗ്: കമ്മിൻസ് 8.2-1-37-3, റിച്ചാർഡ്സണ് 9-2-37-3, സ്റ്റോയിൻസ് 6-0-39-0, ലിയോണ്‍ 10-0-57-1, സാംപ 10-0-70-3, മാക്സ്വെൽ 5-0-30-0.