ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ വനിതാ ദിനം ഇങ്ങനെയായിരുന്നു! ഉപജീവനത്തിനുവേണ്ടി തടസങ്ങളെ മറന്ന് പോരാടിയ ഗീതുവിന് സഹായവുമായി ആലപ്പുഴ കളക്ടര്‍

മൂന്ന് വയറുകളുടെ വിശപ്പ് ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊരിവെയിലത്ത് കൈക്കുഞ്ഞിനെയുമായി റോഡരികില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഗീതു എന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ വാര്‍ത്തകളിലൂടെ പുറത്ത് വന്നിരുന്നു. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലിരുന്ന് കച്ചവടം നടത്തിയിരുന്ന ഗീതു ഭിന്നശേഷിക്കാരിയാണെന്ന കാര്യം കൂടി അറിഞ്ഞപ്പോള്‍ അവരുടെ അവസ്ഥ ആളുകളെ ഏറെ വേദനിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ ജീവിതത്തിനു സഹായവുമായി ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്. സുഹാസ് രംഗത്തെത്തിയിരിക്കുന്നു. കളക്ടര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗീതുവിന് സഹായമാവുന്ന വിവരം പങ്കുവച്ചിരിക്കുന്നത്. എന്റെ വനിതാ ദിനം ഇങ്ങനെയായിരുന്നു എന്ന തലക്കെട്ടോടെയാണ് കളക്ടര്‍ ബാക്കി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കളക്ടറുടെ നല്ല മനസിന് നന്ദി അറിയിക്കുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ. കളക്ടര്‍ എസ്. സുഹാസിന്റെ വാക്കുകളിങ്ങനെ…

എന്റെ വനിതാ ദിനം ഇങ്ങനെ ആയിരുന്നു;

ട്രോള്‍ ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഗീതു എന്ന സഹോദരിയെ പറ്റി ഞാന്‍ ഇന്ന് അറിഞ്ഞത്, ഉപജീവനത്തിനും കൈക്കുഞ്ഞിനെ പരിപാലിക്കുവാനും കേറിക്കിടക്കാന്‍ ഒരു വീട് എന്ന സ്വപ്നത്തിനും വേണ്ടി കൈക്കുഞ്ഞുമായി റോഡരികില്‍ ലോട്ടറി വില്‍ക്കുന്നു. ഇന്ന് അവരെ നേരിട്ടു കാണുകയും സ്വന്തമായി ഭൂമി ഇല്ല എന്ന് മനസിലാക്കി വീട് നിര്‍മിക്കാന്‍ ഉള്ള ഭൂമി കണ്ടെത്താനുള്ള സഹായം ചെയ്യാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂമി കണ്ടെത്തിക്കഴിഞ്ഞാല്‍ വീട് നിര്‍മിക്കുവാന്‍ ഏതെങ്കിലും സന്നദ്ധ വ്യക്തി/സംഘടനയുടെ സഹായം നല്‍കാമെന്നും അറിയിച്ചു

ഉപജീവനത്തിന് വേണ്ടി പറ്റാവുന്ന ജോലി ചെയ്തു ജീവിക്കുന്ന ഗീതുവിനെ പോലെയുള്ള വനിതകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം ആകണം എന്ന ഉദ്ദേശത്തോടു കൂടി ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്.

ഗീതുവിന് ബിഗ് സല്യൂട്ട് .

ഈ വിവരം പുറം ലോകത്തെ അറിയിച്ച ട്രോള്‍ ആലപ്പുഴ എന്ന കൂട്ടായ്മക്ക് അഭിനന്ദനം.

#dcalappuzha

#womens#day#2019

Related posts