ഗാന്ധിനഗർ: കോട്ടയം ലോക്സഭാ ഇലക്ഷൻ പ്രചരണ തൊഴിലാളികളുടെ ഫ്ളക്സ് ബോർഡിലെ നന്പർ പട്ടാന്പി സ്വദേശിയുടേത്. ലോക്സഭാതെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കു വേണ്ടി പോസ്റ്റർ ഒട്ടിക്കാനും കീറാനും കരി ഓയിൽ ഒഴിക്കാനും ഞങ്ങൾ തയാർ എന്ന പേരിലുള്ള ഫ്ളക്സ് ബോർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നതിനും കീറുന്നതിനും ഫീസ് എത്രയെന്നു കാണിക്കുന്നതാണ് ബോർഡ്. സ്ഥാനാർഥികൾ ബന്ധപ്പെടാനുള്ള ഫോണ് നന്പരും താഴെ ചേർത്തിട്ടുണ്ട്.
ഇതോടെ ഫോണ് നന്പരിന്റെ ഉടമയ്ക്കെതിരേ പട്ടാന്പി പോലീസ് കേസെടുക്കുകയായിരുന്നു. പട്ടാന്പി സ്വദേശി മുഹമ്മദ് ബാസിൻ എന്നയാളുടേതാണ് ഫോണ് നന്പർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ബോർഡുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഹമ്മദ് ബാസിൻ പറഞ്ഞു.
ഇതിന്റെ പേരിൽ തനിക്കെതിരെ പോലീസ് കേസ് എടുത്തതിനു പുറമെ വിശ്രമമില്ലാത്ത ഫോണ് കോളുകളും വധഭീഷണിയും ഉണ്ടാകുന്നുണ്ടെന്ന് മുഹമ്മദ്ബാസിൻ രാഷ്ടദീപികയോടു പറഞ്ഞു.
ബോർഡിലെ പരസ്യം ഇങ്ങനെയാണ്. പോസ്റ്റർ ഒട്ടിക്കുന്നതിനും ചുവരെഴുതുന്നതിനും 500 രുപയും പൈൻും, പോസ്റ്റർ കീറുന്നതിനും കരിഓയിൽ ഒഴിക്കുന്നതിനും 1000+ ഫുൾ, സ്ഥാനാർഥി ജയിക്കുമെന്ന് പ്രചരിപ്പിക്കുകയും പുകഴ്ത്തുന്നതിനും (3 അംഗ സംഘം) 2500+ ലിറ്റർ, എതിർ സ്ഥാനാർഥി തോൽക്കുമെന്നും തേജോവധം ചെയ്യുന്നതിനും അഞ്ച് അംഗ സംഘം 5000+2 ലിറ്റർ. ഫോണ് നന്പരും അതിനു താഴെ കോട്ടയം ലോക്സഭാ ഇലക്ഷൻ പ്രചരണ തൊഴിലാളികൾ എന്നും ബോർഡിലുണ്ട്.