മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതിനടുത്തുനിന്നു ലഭിച്ച നാടൻ തോക്കും തിരകളും മറ്റു സാമഗ്രികളും…… ജലീലിനൊപ്പം റിസോർട്ടിൽ മങ്കി ക്യാപ് അണിഞ്ഞെത്തിയ യുവാവ്. തോളിൽ എ.കെ. 47 തോക്ക് കാണാം. (സിസിടിവി ദൃശ്യം).
കൽപ്പറ്റ: ബുധനാഴ്ച രാത്രി മാവോവാദികളും പോലീസും ഏറ്റുമുട്ടിയ ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് തെളിവെടുപ്പ് തുടരുന്നു. കൽപ്പറ്റ ഡിസിആർബി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്സുകൾ, റിസോർട്ടിന്റെ ഭിത്തിയിലും അടുത്തുള്ള മരങ്ങളിലും ഉൾപ്പെടെ വെടിയുണ്ടകൾ തറച്ച പാടുകൾ തുടങ്ങിയവ പോലീസ് പരിശോധിക്കുന്നുണ്ട്. വെടിയുണ്ടകൾ വന്ന ദിശകൾ മനസിലാക്കുന്നതിനാണ് അവ തറച്ച സ്ഥലങ്ങളിൽ പ്രധാനമായും പരിശോധന. കെയ്സുകൾ മാവോവാദികൾ ഉപയോഗിച്ച തോക്കുകളെക്കുറിച്ച് വിവരം ലഭിക്കുന്നതിനു ഉതകും. റിസോർട്ട് വളപ്പിൽ മാധ്യമപ്രവർത്തകർക്കടക്കം പ്രവേശനം അനുവദിക്കുന്നില്ല.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിൽനിന്നു നീങ്ങിയതിന്റെ ആശ്വാസത്തിൽ പോലീസ്. ആദ്യം നിറയൊഴിച്ചതു പോലീസാണെന്നു റിസേർട്ട് മാനേജർ വെളിപ്പെടുത്തിയതായി ഇന്നലെ രാവിലെ ഒരു വിഭാഗം മാധ്യമങ്ങളിൽ വാർത്തവന്നതാണ് പോലീസിനെ സംശയത്തിലാക്കിയത്.
റിസോർട്ട് മാനേജർ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്ത. ആദ്യം വെടിവച്ചതു പോലീസാണെന്നല്ല, പോലീസ് എത്തിയതിനുശേഷമാണ് വെടിവയ്പ്പ് നടന്നതെന്നു ഉച്ചയോടെ റിസോർട്ട് മാനേജർ തിരുത്തിയതോടെയാണ് പോലീസിനു ആശ്വാസമായത്. റിസോർട്ടിൽ സംഭവം നടക്കുന്പോൾ വീട്ടിലായിരുന്നുവെന്നു മാനേജർ വ്യക്തമാക്കിയതും പോലീസിനു ഗുണമായി.
മാവോവാദികളാണ് ആദ്യം നിറയൊഴിച്ചതെന്നും പോലീസ് ആത്മരക്ഷാർഥം തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഉത്തര മേഖല ഐജി ബൽറാംകുമാർ ഉപാധ്യായ വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. കീഴങ്ങാൻ മാവോവാദികളോട് പോലീസ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു വിരുദ്ധമായിരുന്നു ഇന്നലെ രാവിലെ വന്ന വാർത്തകൾ.
ഇതിനു പിന്നാലെ, വെടിവയ്പ്പിൽ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും പോലീസിനെതിരെ രംഗത്തുവരികയുണ്ടായി. കീഴടക്കാൻ സാഹചര്യം ഉണ്ടായിട്ടും പോലീസ് ജലീലിനെ ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും ആരോപണം ഉയർന്നു.
ജലീലിന്റെ തലയ്ക്കു പിന്നിൽ വെടിയേറ്റത് നേർക്കുനേർ പോരാട്ടമല്ല നടന്നത് എന്നതിനു തെളിവായും ചിലർ വ്യാഖാനിച്ചു. ഇതോടെ പോലീസ് വെട്ടിലായിരിക്കെയാണ് റിസോർട്ട് മാനേജർ വാർത്ത തിരുത്തിയത്. മാവോവാദി സാന്നിധ്യം സ്വന്തംനിലയ്ക്ക് അറിഞ്ഞാണ് പോലീസ് റിസോർട്ടിൽ എത്തിയെന്നും രാവിലെ പ്രചാരണം ഉണ്ടായി. എന്നാൽ റിസോർട്ട് ഉടമയുടെ ബന്ധുവെന്നു പറഞ്ഞു ആരോ വൈത്തിരി സ്റ്റേഷനിലേക്കു ഫോണിൽവിളിച്ചറിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിൽ എത്തിയതെന്നാണ് പോലീസ് വാദം.
പോലീസ് വാഹനം ഗേറ്റിൽ എത്തിയപ്പോൾന്നെ റിസോർട്ടിൽനിന്നു ഇറങ്ങിയോടിയ മാവോവാദികൾ നിറയോഴിച്ചതായി പോലീസ് പറയുന്നു. വെടിയേറ്റ് വാഹനത്തിന്റെ ചില്ലു തകർന്നതായും അവകാശപ്പെടുന്നുണ്ട്. റിസോർട്ടിലെത്തിയ മാവോവാദികൾ അര ലക്ഷം രൂപയും പത്തു പേർക്കുള്ള ഭക്ഷണവുമാണ് ആവശ്യപ്പെട്ടത്.
ജീവനക്കാർ ചേർന്നു പതിനായിരം രൂപ മാവോവാദികൾക്കു നൽകി. റിസോർട്ടിൽ അതിഥികൾക്കു മാവോവാദികൾ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നില്ല. പോലീസ് എത്തിയതറിഞ്ഞ മാവോവാദികൾ കൗണ്ടറിൽനിന്നു നൽകിയ പണവും എടുത്താണ് പുറത്തേക്കു ഓടിയതെന്നും റിസോർട്ട് മാനേജരുമായി ബന്ധപ്പെടുത്തി വാർത്ത വന്നിരുന്നു.
അതിനിടെ, മാവോവാദികളിൽ വെടിയേറ്റു പരിക്കുകളോടെ രക്ഷപ്പെട്ടെന്നു കരുതുന്നയാളെ കണ്ടെത്തുന്നതിനു തണ്ടർബോൾട്ടും ആൻറി നക്സൽ സ്ക്വാഡും പരിശോധന തുടരുകയാണ്. വനത്തിനു പുറമേ മാവോവാദി സ്വാധീന മേഖലകളിലും പരിശോധന നടത്തുന്നുണ്ട്. അതിർത്തികളിൽ വാഹന പരിശോധനയും ശക്തമാണ്.
റിസോർട്ടിൽ മാവോവാദികൾ സായുധരായാണ് എത്തിയതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജലീലിനൊപ്പം മങ്കി ക്യാപ് അണിഞ്ഞ് റിസോർട്ടിൽ എത്തിയ ആളുടെ തോളിൽ എ.കെ. 47 തോക്കുളളത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജലീലിന്റെ തോളിൽ ബാഗും കാണാം.
റിസോർട്ടിലെ റിസപ്ഷനു കുറച്ചുമാറി കൃത്രിമ പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടത്. സമീപത്തുനിന്നു ബാഗ്, റിസോർട്ടിൽനിന്നു നൽകിയ പണം എന്നിവയ്ക്കു പുറമേ കൊണ്ടുനടക്കാൻ സൗകര്യത്തിനു ബാരൽ മുറിച്ച നാടൻ തോക്ക്, എട്ടു തിരകൾ, ഡിറ്റണേറ്റർ എന്നിവയും ലഭിച്ചതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.