ആലുവ: മൺപാത്ര വില്പനയ്ക്കിടെ ശിവരാത്രി മണപ്പുറത്തു വച്ചു 17,000 രൂപ നഷ്ടപ്പെട്ട ഗവേഷണ വിദ്യാർഥിനി അംബികയ്ക്ക് ആലുവയിലെ ആത്മീയവ്യക്തിത്വങ്ങളുടെ സാന്ത്വനം. ചൂണ്ടി സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ടോമി ആലുങ്കൽ കരോട്ട്, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, അൽ അൻസാർ പള്ളി ഇമാം എം.പി. ഫൈസൽ അസ്ഹരി എന്നിവർ അംബികയെയും ഭർത്താവ് ഗോപാലകൃഷ്ണനെയും മണപ്പുറത്തു സന്ദർശിച്ചു.
ഡോക്ടറേറ്റ് എടുക്കാനുള്ള അംബികയുടെ ഗവേഷണ ശ്രമങ്ങൾക്കു സഹായങ്ങൾ വാഗ്ദാനം ചെയ്ത ഇവർ 15,000 രൂപയും കൈമാറി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മൺപാത്രങ്ങൾ വിറ്റവകയിൽ ലഭിച്ച 17,000 രൂപ മോഷണം പോയത്. ഈ വിവരം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇതോടെ നിരവധിപേർ സഹായവുമായി അംബികയെ തേടിയെത്തി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അധ്യാപിക 20,000 രൂപയും വസ്ത്രങ്ങളും കൈമാറി. മാറമ്പിള്ളി നിവാസിയായ അംബിക കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ “മലയാള സംസ്കാരവും സാംസ്കാരിക പരിണാമവും (വേളാൻ)’ എന്ന വിഷയത്തിൽ ഗവേഷണ വിദ്യാർഥിയാണ്.
പഠനത്തിനുള്ള പണം കണ്ടെത്താനും വേളാൻ സമുദായാംഗങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കാനുമാണ് അംബിക ഭർത്താവിനൊപ്പം മൺപാത്ര വിൽപനയ്ക്കെത്തിയത്.