വൈപ്പിൻ: നാലാംക്ലാസ് വിദ്യാർഥിയായ ബാലികയെ ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻമാലിപ്പുറം ചെള്ളപ്പുറം കോളനിയിൽ താമസിക്കുന്ന ഓച്ചന്തുരുത്ത് സ്റ്റാൻഡിലെ ഡ്രൈവറായ കൊച്ചുതറ യൂസഫ് (53) ആണ് അറസ്റ്റിലായത്.
ഇന്നലെ മാലിപ്പുറം വളപ്പിൽനിന്നു ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വളപ്പിലെ പോക്കറ്റ് റോഡിൽ സ്കൂളിലേക്കുള്ള വാഹനം കാത്തുനിൽക്കവേയാണ് അതുവഴി വന്ന പ്രതി ബാലികയെ കടന്നുപിടിച്ചു ബലമായി ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു.
ഇതിനിടെ ബാലിക ഇയാളുടെ കൈയിൽ കടിച്ചതിനെത്തുടർന്നു പിടി അയയുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു. വീട്ടിലെത്തി വീട്ടുകാരോടു വിവരം പറഞ്ഞതിനെത്തുടർന്നു പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകി. ജുവനൈൽ ആക്ട്പ്രകാരം പ്രതിക്കെതിരേ കേസെടുത്തു.
അറസ്റ്റിലായ പ്രതി മറ്റൊരു സ്കൂളിലെ കുട്ടികളുമായി ട്രിപ്പ് ഓടുന്ന ഓട്ടോയിലെ ഡ്രൈവറാണ്. ഇതിൽ യാത്രചെയ്തിരുന്ന വിദ്യാർഥികൾക്ക് ഇയാളിൽനിന്ന് എന്തെങ്കിലും പീഡനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു സിഐ പറഞ്ഞു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.