ആലുവ: യുവാവിനെ പോലീസ് മർദിച്ചെന്നാരോപിച്ച് എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയ ആലുവ നഗരസഭാധ്യക്ഷ അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കു പിഴയും കോടതി പിരിയുംവരെ നിൽപു ശിക്ഷയും. എറണാകുളം ജില്ലാ കോടതിയാണ് ഇന്നലെ രാവിലെ കോടതിയിൽ ഹാജരായി കുറ്റസമ്മതം നടത്തിയ 43 പേർക്ക് 700 രൂപ വീതം പിഴയും കോടതി പിരിയുന്ന അഞ്ചുവരെ കോടതി വരാന്തയിൽ നിൽപു ശിക്ഷയും വിധിച്ചത്.
2018 ജൂൺ അഞ്ചിന് വൈകിട്ട് 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസുകാരന്റെ കാറില്‍ ഇടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ പോലീസ് മർദിച്ചെന്നായിരുന്നു ആക്ഷേപം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവണ്മെന്റ് സ്കൂളിന്റെ ഗേറ്റിനു മുന്നില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്.
ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനെതിരേയെടുത്ത കേസിൽ അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെ 80 പ്രതികളാണ് ഉണ്ടായിരുന്നത്. എംഎൽഎയെ കേസിൽനിന്നു കോടതി ഒഴിവാക്കി. ഇന്നലെ ഹാജരായ 43 പേരും കുറ്റം സമ്മതിച്ചതിനെത്തുടർന്നായിരുന്നു ശിക്ഷ വിധിച്ചത്.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം, അന്നത്തെ മണ്ഡലം പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ശിക്ഷിച്ചത്. നിയമസഭയിൽവരെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്.
വരാപ്പുഴ സംഭവത്തിനു തുടർച്ചയായാണ് എടത്തല സംഭവവും നടന്നത്. സമരങ്ങളിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലായെന്നും മുഖ്യമന്ത്രി പരാമർശിച്ചതും വിവാദമായിരുന്നു.