കൊല്ലങ്കോട്: പയ്യല്ലൂരിൽ 48 പവനും നാല്പതിനായിരം രൂപയും കവർന്നതുൾപ്പെടെ പന്ത്രണ്ട് മോഷണക്കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് കണ്ണന്പ്ര സുലൈമാൻ റിമാൻഡിൽ. കണ്ണന്പ്ര കിഴക്കേക്കളം സുബൈർ മൻസിലിൽ നൂർമുഹമ്മദിന്റെ മകൻ സുലൈമാൻ (52) ആണ് അറസ്റ്റിലായത്. പൾസർ സുലൈമാൻ, ഷാജഹാൻ എന്നും ഇയാൾക്കു വിളിപ്പേരുണ്ട്.
വ്യാഴാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സുലൈമാന്റെ സംസാരത്തിൽ സംശയം തോന്നി ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നു മനസിലായത്.ഫെബ്രുവരിയിൽ ചാത്തൻചിറ രോഷ്ണി നിവാസിൽ നാരായണൻകുട്ടിയുടെ പൂട്ടിയിട്ട വീടിന്റെ മുൻവാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അലമാരയിൽനിന്നും 48 പവൻ സ്വർണാഭരണവും 40,000 രൂപയും കവർന്നിരുന്നു. ഇതിൽ 42 പവൻ സ്വർണം സുലൈമാന്റെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു.
വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളിലായി 12 വീടുകളിൽ ഇയാൾ മോഷണം നടത്തിയതായി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ്.സാബുവിന്റെ നിർദേശപ്രകാരം ആലത്തൂർ ഡിവൈെസ്പി കൃഷ്ണദാസ്, കൊല്ലങ്കോട് ഇൻസ്പെക്ടർ കെ.പി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ മോഷണക്കേസുകളിലെ പ്രതികളെ പിടികൂടാൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
കൊല്ലങ്കോട് സ്റ്റേഷൻ എസ്ഐ സുരേഷ്, എഎസ്ഐ സുരേഷ് കുമാർ, എസ്സിപിഒ ഗണേശൻ, പി.രാജേഷ്, ശിവപ്രകാശ്, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽപെട്ട എസ്ഐ എസ്.ജലീൽ, എസ്സിപിഒമാരായ വി.ജയകുമാർ, ബി.നസീറലി, റഹീംമുത്തു, സിപിഒമാരായ സജിത്ത്, എ. ഷമീർ, ആർ.വിനീഷ്, അഹമ്മദ് കബീർ, ആർ.രജിത്, കെ.ദിലീപ്, യു.സൂരജ്് ബാബു, ആർ.കിഷോർ, പി.സന്ദീപ്, കൃഷ്ണദാസ് എന്നിവരടങ്ങിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ചാത്തൻചിറയിൽ ആഭരണമോഷണത്തിനിടെ ഒരു മൊബൈലും കവർന്നിരുന്നു. സൈബർ സെൽ വിഭാഗവും നിരന്തര അന്വേഷണം നടത്തിയതോടെ ഇയാളെക്കുറിച്ചുള്ള സൂചനയും സഞ്ചാരദിശയും കണ്ടെത്താനായി.2010ൽ വിവിധ കേസുകളിൽ അറസ്റ്റിലായ സുലൈമാൻ 2014ലാണ് ജയിൽമോചിതനായത്. രണ്ടു വിവാഹം കഴിച്ച പ്രതി ജില്ലയിലെ മോഷണത്തിനുശേഷം തമിഴ്നാട്ടിലെ നെയ്വേലിയിൽ രണ്ടാംഭാര്യയ്ക്കൊപ്പം കുഗ്രാമത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.
പകൽ സ്ഥലം കണ്ടെത്തി രാത്രിയിലായിരുന്നു മോഷണം. ഏതു പൂട്ടും നിഷ്പ്രയാസം തകർക്കാൻ ഇയാൾക്കു കഴിഞ്ഞിരുന്നുവെന്നു പോലീസ് പറഞ്ഞു. സുലൈമാനെ വീണ്ടും തെളിവെടുപ്പിനു കൊണ്ടുവന്ന് അന്വേഷണം നടത്തുമെന്നും എസ്പി പി.എസ്.സാബു പറഞ്ഞു.