തിരുവനന്തപുരത്ത് കുമ്മനം ഇറങ്ങുന്നതോടെ വിമത സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍വാങ്ങാന്‍ പിപി മുകുന്ദന്‍ ! അയ്യപ്പ ഭക്തരുടെ വോട്ട് അനുകൂലമാകുമെന്ന് പ്രതീക്ഷ; തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ ഇങ്ങനെ…

തിരുവനന്തപുരം: അണികളുടെ ആഗ്രഹം പോലെ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ തിരുവനനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരിക്കുകയാണ്. കുമ്മനത്തിന്റെ വരവ് അണികളെ ഊര്‍ജസ്വലരാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ തിരുവനന്തപുരത്തു മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി പിപി മുകുന്ദന്‍ പിന്മാറുമെന്ന് ഏകദേശം ഉറപ്പാകുകയും ചെയ്തു. ഇതും ബിജെപിയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

തിരുവനന്തപുരത്തു മല്‍സരിക്കുന്നതിനെക്കുറിച്ചു മുകുന്ദന്റെ അഭിപ്രായം കുമ്മനം തേടിയിരുന്നു. ഏറ്റവുമൊടുവില്‍ കേരളത്തില്‍ വന്നപ്പോള്‍ കോഴിക്കോട്ട് ഇരുവരും കൂടിക്കണ്ടിരുന്നു. ശിവസേനയ്ക്കൊപ്പം ഏതാനും ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും മുകുന്ദനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എംഎല്‍എ. കൂടിയായ സി ദിവാകരനെ എല്‍.ഡി.എഫ്. ഇറക്കുമ്പോള്‍ മിസോറം ഗവര്‍ണര്‍സ്ഥാനം രാജിവെപ്പിച്ചാണ് കുമ്മനം രാജശേഖരനെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നത്. മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരുവനന്തപുരത്ത് ശക്തമായ ത്രികോണ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. 2009 ഒഴികെ ബിജെപി. ക്രമമായ വളര്‍ച്ച ഇവിടെ വോട്ടുവിഹിതത്തില്‍ നേടിയിട്ടുണ്ട്. 98-ല്‍ 94,303 വോട്ടുനേടിയ അവര്‍ 2014-ല്‍ ഒ. രാജഗോപാല്‍ മത്സരിച്ചപ്പോള്‍ 2.82 ലക്ഷം വോട്ടും രണ്ടാംസ്ഥാനവും നേടി. മൂന്നുമുന്നണികള്‍ക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. മുന്നണികള്‍ പ്രബലരെ രംഗത്തിറക്കുക കൂടി ചെയ്തതോടെ മത്സരത്തിന് ചൂടുകൂടും.

പാര്‍ട്ടിക്കപ്പുറം വ്യക്തിയും തിരുവനന്തപുരത്ത് പ്രധാനമാണ്. പി.കെ. വാസുദേവന്‍ നായരെയും കെ. കരുണാകരനെയും അടുത്തടുത്ത് തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ച മണ്ഡലം യു.എന്നില്‍ പ്രവര്‍ത്തിച്ച ശശി തരൂരിനെ ആദ്യതിരഞ്ഞെടുപ്പില്‍ ആവേശത്തോടെയാണ് വരവേറ്റത്. ഒ രാജഗോപാലിന് അനുകൂലമായി തരംഗമുണ്ടായപ്പോഴും അത് വിജയത്തില്‍ എത്തിയിരുന്നില്ല. ആരോപണങ്ങളുടെ നിഴലില്‍നിന്ന് മത്സരിച്ച തരൂര്‍ ശക്തമായ മത്സരം നേരിട്ടെങ്കിലും ജയിച്ചു. ഇപ്രാവശ്യം അത്തരം പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നില്ല.

മൃദുഹിന്ദുത്വത്തിന്റെ മേല്‍വിലാസമായിരുന്നു ഒ. രാജഗോപാലിന്. കുമ്മനത്തിനാകട്ടെ തീവ്രനിലപാടുകാരന്റെ പ്രതിച്ഛായയും. ബിജെപി.യിലെ ഉള്‍പ്പോരിന് അതീതനായും കുമ്മനം വിലയിരുത്തപ്പെടുന്നു. സമാനമാണ് തരൂരിന്റെയും ദിവാകരന്റെയും സ്ഥിതി. തരൂര്‍ തങ്ങളുടെ സ്ഥാനം കവരുന്നയാളാണെന്ന ആദ്യകാലത്തെ എതിര്‍പ്പ് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴില്ല. മറുവശത്ത് ഇടതുമുന്നണി ഒറ്റക്കെട്ടാണ്. കഴിഞ്ഞപ്രാവശ്യം രാജഗോപാലിനെ നാല് നിയമസഭാ മണ്ഡലങ്ങള്‍ തുണച്ചു. അതിനെ കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല മണ്ഡലങ്ങളിലെ വോട്ടുകൊണ്ട് തരൂര്‍ മറികടന്നു.

ശബരിമല സുവര്‍ണാവസരമായാണ് ബിജെപി കരുതുന്നത.് ശക്തനായ സ്ഥാനാര്‍ഥി കൂടിയാകുമ്പോള്‍ വിജയം ഉറപ്പെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെ നിലപാടും പ്രധാനമാണ്. ബിഡിജെഎസ് വോട്ടുകള്‍ അനുകൂലമാക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് മാത്രമാണ് ബിജെപിക്ക് ഒരു സ്ഥാനാര്‍ഥിയെ ഉറപ്പിക്കാനായത്. സംസ്ഥാനത്തു നാലു മേഖലകളിലായി നടത്തുന്ന പരിവര്‍ത്തന യാത്രകള്‍ക്കു ശേഷം കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥികളെ ഔഗ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.

Related posts