ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെ രാജ്യത്താകെ ഓടിനടന്ന് പ്രധാനമന്ത്രിയുടെ ഉദ്ഘാടന മാമാങ്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരു മാസം മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് 28 തവണയാണ്. ഇതിനിടെ അദ്ദേഹം 157 പദ്ധതികളും ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുകയും കേന്ദ്രസർക്കാരിന് വമ്പൻ പദ്ധതികളൊന്നും പ്രഖ്യാപിക്കാനും കഴിയാതെ വരികയും ചെയ്യും. ഇതിനാലാണ് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തിരക്കിട്ട് ഉദ്ഘാടന മാമാങ്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ മാസം എട്ടാം തീയതിക്കും മാർച്ച് ഒമ്പതിനും ഇടയിൽ പുതിയ ദേശീയപാതകൾ, പുതിയ റെയിൽവെ ലൈനുകൾ, മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സ്കൂളുകൾ, വാതകപൈപ്പ് ലൈനുകൾ, വിമാനത്താവളങ്ങൾ, കുടിവെള്ള പദ്ധതികൾ, ഊർജ പദ്ധതികൾ തുടങ്ങി നിരവധി പ്രോജക്ടുകൾക്കാണ് മോദി തുടക്കമിട്ടത്. എന്നാൽ 2014 ൽ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു മുമ്പുള്ള മാസങ്ങളിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് യാത്രകളൊന്നും നടത്തിയിരുന്നില്ല. തിരക്കിട്ട ഉദ്ഘാടന പരിപാടികളും ഉണ്ടായിരുന്നില്ല.
ബിജെപി സർക്കാർ ആവട്ടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പദ്ധതികളുടെ പ്രളയം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനും ഇടയിലുള്ള ഒരു മാസം 57 പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. എന്നാൽ അടുത്ത നാല് ആഴ്ച ഇതിന്റെ മൂന്നിരട്ടി പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പിഎംഒ വെബ്സൈറ്റിൽനിന്നുള്ള വിവരങ്ങൾ പ്രകാരം എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോദി പ്രഖ്യാപിച്ച പലപദ്ധതികളും പഴയ പദ്ധതികൾ പൊടിതട്ടിയെടുത്ത് പുതുതായി അവതരിപ്പിക്കുകയായിരുന്നെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദേശിലെ അമേത്തിയിൽ റഷ്യയുമായി ചേർന്ന് ആരംഭിച്ച ആയുധ ഫാക്ടറി മോദി കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഈ പ്ലാന്റ് 2007 ൽ ഉദ്ഘാടനം ചെയ്തതാണെന്ന് സർക്കാരിന്റെ തന്നെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിനു ശേഷം 2010 ൽ ചെറുതോക്കുകളും റൈഫിളുകളും മിഷ്യൻ ഗണ്ണുകളും നിർമിച്ചു തുടങ്ങിയിരുന്നതായും പറയുന്നു. ബിഹാറിലെ കര്മ്മലിച്ചക്കിൽ 96.54 കിലോമീറ്റര് നീളമുള്ള സ്വീവേജ് ശൃഗഖലയ്ക്കു ഫെബ്രുവരി 17 ന് മോദി തറക്കല്ലിട്ടിരുന്നു. എന്നാൽ ഇതേ പദ്ധതി 2017 ൽ ഒക്ടോബറിൽ അദ്ദേഹം തന്നെ തറക്കല്ലിട്ടതാണ്.
ചെറിയ പദ്ധതികൾ വരെ മോദി നേരിട്ടെത്തി ഇക്കാലയളവിൽ ഉദ്ഘാടനം ചെയ്തു. ചെന്നൈ മെട്രോയുടെ ഏതാനും കിലോമീറ്റർ ദൂരം സർവീസ്, കർണാടകയിലെ ചിക്ചജുർ-മയകോണ്ട സെക്ഷൻ റെയിൽവെ ലൈൻ, വിക്രാവാന്ദി-തഞ്ചാവൂർ ദേശീയപാത നാലുവരിയാക്കൽ തുടങ്ങിയവ ഇവയിൽ ചില ഉദാഹരണങ്ങളാണ്. മുനിസിപ്പാലിറ്റി തലത്തിലുള്ള പശുസംരക്ഷണ കേന്ദ്രം പോലുള്ള പദ്ധതികളും ഇക്കാലത്ത് ഉദ്ഘാടനം ചെയ്തു. ഗാസിയാബാദ് മുനിസിപ്പാലിറ്റിയിലെ ഗോശാലയ്ക്കാണ് മോദി തറക്കല്ലിട്ടത്. 37 കിലോമീറ്റർ ദൂരത്തിലുള്ള സീവേജ് ലൈനും അദ്ദേഹത്തിന്റെ ഉദ്ഘാടന പട്ടികയിൽപ്പെടും.