കറാച്ചി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് സൈനിക തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ രംഗത്ത്. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശക്തമായ നടപടി കൈക്കൊള്ളണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ചായിരുന്നു പ്രത്യേകം തയാറാക്കിയ പട്ടാളത്തൊപ്പി ധരിച്ച് ടീം ഇന്ത്യ ഇറങ്ങിയത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ കൂടിയായ ഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിയാണ് താരങ്ങൾക്ക് സൈനിക തൊപ്പി കൈമാറിയത്. തൊപ്പി ധരിച്ചിറങ്ങിയ തിനൊപ്പം ഇന്നലത്തെ മാച്ച് ഫീസ് നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് ടീം ഇന്ത്യ സംഭാവനയും നൽകിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തം തൊപ്പി ധരിക്കാതെ സൈനികത്തൊപ്പിയും ധരിച്ച് കളത്തിലിറങ്ങിയത് ലോകം കണ്ടു. ഐസിസി ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ഇതിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) രംഗത്തു വന്നില്ലെങ്കിലും പോലും ഐസിസിക്ക് സ്വമേധയാ നടപടി എടുക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഖുറേഷിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈനികത്തൊപ്പി അണിഞ്ഞ ഇന്ത്യൻ താരങ്ങളുടെ ചിത്രം സഹിതം പാക് വാർത്താവിനിമയമന്ത്രി ഫവാദ് ചൗധരിയും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. ‘ഇതുവെറും ക്രിക്കറ്റല്ല. ജെന്റിൽമാൻ കളിയെ രാഷ്ട്രീയവത്കരിച്ചതിനെതിരെ ഐസിസി നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ടീമിനെ ആരും തടയുന്നില്ലെങ്കിൽ കാഷ്മീരിലെ ഇന്ത്യൻ നിഷ്ഠുരത ലോകത്തെ അറിയിക്കാൻ പാക് ക്രിക്കറ്റ് ടീം കറുത്ത ബാൻഡ് ധരിക്കണം. പിസിബി ഔദ്യോഗികമായി ഈ വിഷയം ഉന്നയിക്കണമെന്നും പാക് മന്ത്രി ട്വീറ്റ് ചെയ്തു.