സിനിമാതാരം ദിലീപ് സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളിയിലെ ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി. രാത്രി ഒൻപതു മണിയോടെയാണ് ദിലീപ് എത്തിയത്. വ്യവഹാരങ്ങളിൽ പെട്ടുഴലുന്നവർ ഇവിടെയെത്തി പ്രാർഥിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
നടൻ എത്തിയ വാർത്തയറിഞ്ഞു വൻ ജനക്കൂട്ടം അന്പലത്തിലെത്തിയിരുന്നു. തന്നെ കാണുവാൻ എത്തിയവരോട് സൗഹൃദപൂർവം പെരുമാറിയ ദിലീപ് ആവശ്യപ്പെട്ടവർക്കൊപ്പം സെൽഫി എടുക്കുവാൻ നിന്നുകൊടുക്കുകയും ചെയ്തു.
ദിലീപ് പ്രതിയായ കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് തീർക്കണമെന്ന കോടതിയുടെ നിർദേശം വന്നതോടെയാണ് ദിലീപ് നേരിട്ട് ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തിയത്. ദിലീപ് ജയിലിൽ കിടന്ന സമയത്തു ദിലീപിന്റെ സഹോദരൻ അനൂപ് ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തിയിരുന്നു.
ജയിലിൽ നിന്നും ജാമ്യം ലഭിച്ചാൽ ഉടൻ ദിലീപും അന്പലത്തിൽ എത്തുമെന്ന് അനൂപ് അന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നുവെങ്കിലും, ദിലീപ് വഴിപാടുകൾ പൂർത്തീകരിക്കുവാൻ എത്തിയിരുന്നില്ല.
എന്നാൽ കേസിന്റെ അന്ത്യഘട്ടത്തിലേക്കു കടക്കുന്ന സമയത്തു ജഡ്ജിയമ്മാവന്റെ അനുഗ്രഹങ്ങൾ നേടുവാൻ ദിലീപ് നേരിട്ട് എത്തുകയായിരുന്നു.ക്ഷേത്രത്തിലെ അത്താഴപൂജകൾക്കുശേഷം എന്നും രാത്രി എട്ടരയ്ക്കാണ് ജഡ്ജിയമ്മാവന്റെ നട തുറക്കുന്നത്. വഴിപാടിനായി രസീത് എഴുതുന്നവർക്ക് പേരിനും നാളിനുമൊപ്പം കേസ് നന്പർകൂടി ചേർക്കാറുണ്ട്.
വഴിപാടുകാരന്റെ രസീതിലെ ഈ നന്പർകൂടി പേരിനും ജന്മനക്ഷത്രത്തിനൊപ്പം ജപിച്ചാണ് പൂജാരി അർച്ചന നടത്തുക. വ്യവഹാരങ്ങളിൽ പെട്ടുഴലുന്നവർ ഇവിടെയെത്തി പ്രാർഥിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. അടയാണ് ഇഷ്ട നിവേദ്യം. ഇതിനു പുറമേ അടയ്ക്കയും വെറ്റിലയുമൊക്കെ ഭക്തർ നടയ്ക്കൽ സമർപ്പിക്കാറുണ്ട്.