പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഎഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഉറക്കം കളയുകയാണ് പി.സി. ജോര്‍ജ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് മത്സരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പിടിയില്ല. പൂഞ്ഞാറിലെ എംഎല്‍എയ്ക്ക് അവിടെ നല്ല സ്വാധീനമുണ്ട്. റാന്നിയിലെ ക്രൈസ്തവ-മുസ്ലിം വോട്ടുകളെയും സ്വാധീനിക്കാന്‍ കഴിയും. ഇത് യുഡിഎഫിന്റെ പരമ്പാരഗത വോട്ട് ബാങ്കുകളെ സാരമായി ബാധിക്കുകയും ചെയ്യും. ഇതിനൊപ്പം റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടേയും വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ പിസിക്കായാല്‍ അത് ഇടതിനും തിരിച്ചടിയാകും. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പറയുന്ന പിസി ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് പിസിയുടെ മത്സര പ്രഖ്യാപനം.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടാണ് പിസിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിനോടാണ് കൂടുതല്‍ താല്പര്യം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ കണ്ടതും ഇതേ ലക്ഷ്യത്തോടെയാണ്. എന്നാല്‍ മാണി വിഭാഗം പാരവെച്ചതോടെ പദ്ധതി പാളി. പിജെ ജോസഫുമായി ചേര്‍ന്ന് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇടതുപക്ഷത്തിനും പിസിയോട് താല്‍പ്പര്യക്കുറവുണ്ട്. അഞ്ച് കൊല്ലമുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പിസിയുമായി ഇടതുപക്ഷം നീക്കുപോക്കുണ്ടാക്കി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടുപ്പിച്ചില്ല. ഇതിന് പൂഞ്ഞാറില്‍ ഇടതുപക്ഷത്തെ തകര്‍ത്താണ് പിസി മറുപടി നല്‍കിയത്. കേരള രാഷ്ട്രീയത്തില്‍ വീണ്ടും ജനപക്ഷത്തിന് ചര്‍ച്ചയാകാന്‍ ലോക്സഭയില്‍ കരുത്ത് കാട്ടണം. ഇതിന് വേണ്ടിയാണ് പത്തനംതിട്ടയില്‍ പിസി മത്സരിക്കാനുള്ള സാധ്യത തേടുന്നത്. പത്തനംതിട്ടയില്‍ 50,000 കൂടുതല്‍ വോട്ടുകള്‍ പിസി ജോര്‍ജ് പിടിച്ചാല്‍ തോല്‍വി ഉറപ്പാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്.
പൂഞ്ഞാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് 63,621 വോട്ടാണ് നേടിയത്. 27821 വോട്ടിനായിരുന്നു ജയം. ഈ വോട്ടുകളുടെ കരുത്താണ് പിസിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പൂഞ്ഞാറില്‍ പരമാവധി വോട്ട് നേടുകയാണ് ലക്ഷ്യം. പൂഞ്ഞാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിനൊപ്പം റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും നേട്ടമുണ്ടാക്കുകയാണ് പിസിയുടെ പദ്ധതി. എന്നാല്‍ വോട്ട് കുറഞ്ഞാല്‍ നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിസി എടുക്കാത്തത്. ഇടത്-വലത് മുന്നണികളോട് ഏറ്റുമുട്ടി പത്തനംതിട്ടയില്‍ ജയിക്കാമെന്ന പ്രതീക്ഷ പിസിക്കില്ല.
ഈ സാഹചര്യത്തില്‍ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. മുന്നണി പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാകും പിസിയുടെ പ്രധാന ഉദ്ദേശം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കേരളാ കോണ്‍ഗ്രസിലെ പിജെ ജോസഫും പിസിയെ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ വലതു മുന്നണിയില്‍ എത്താനുള്ള കരുക്കളാണ് പിസി നീക്കുന്നത്. ഇടതും വലതും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പിസി മത്സരത്തിന് ഇറങ്ങും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പിസി പറയുന്നത്. ശബരിമല വിഷയം മുന്‍നിര്‍ത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും.
പത്തനംതിട്ട ശബരിമല അയ്യപ്പന്റെ സ്ഥലമാണ്. അവിടെ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും വിജയിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. എന്നാല്‍ ശബരിമല ചര്‍ച്ചയാക്കാന്‍ ബിജെപി കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ അയ്യപ്പവിശ്വാസികളുടെ വോട്ടും കൃത്യമായി ഭിന്നിക്കും. യുഡിഎഫ് മുന്നണിയിലെടുക്കാന്‍ അഭ്യര്‍ത്ഥിച്ചുള്ള കത്ത് ജനുവരി 12ന് നല്‍കിയിരുന്നതാണ്. ഇനി മറുപടി കാക്കേണ്ട കാര്യമില്ല. കോട്ടയത്തു പി.ജെ.ജോസഫ് മല്‍സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥി വന്നാല്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജാതിവോട്ടുകള്‍ മുന്‍ നിര്‍ത്തി എല്‍ഡിഎഫ് വീണ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴും ആലോചനയിലാണ് സിറ്റിംഗ് എംപി ആന്റോ ആന്റണിയുടേതുള്പ്പെടെ നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പത്തനംതിട്ടയില്‍ ബിജെപി പരിഗണിക്കുന്ന പ്രധാന വ്യക്തി കെ സുരേന്ദ്രനാണ്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയില്‍വാസം വരെ അനുഭവിച്ച് സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത എന്നത് പരിഗണിച്ചാണ് ഇക്കാര്യത്തില്‍ സുരേന്ദ്രന് സാധ്യത കല്പിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്പില് കണ്ട് അണികളെ തയ്യാറാക്കുന്നതിനും അവരില്‍ ആവേശം നിറയ്ക്കുന്നതിനുമായി ബിജെപി നടത്തുന്ന പരിവര്‍ത്തന്‍യാത്രയുടെ തെക്കന്‍മേഖല ജാഥ നയിക്കാന്‍ കെ.സുരേന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെയാണ് പിസിയുടെ മത്സരപ്രഖ്യാപനം. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. അതേസമയം, ശബരിമല വിഷയം ഏറ്റവും ശക്തമായ രീതിയില്‍ ബാധിച്ചതും, ഒപ്പം ഹൈന്ദവ വോട്ടുകള്‍ എകീകരിക്കാനുള്ള ശ്രമത്തില്‍ ബിജെപി ഏതാണ്ട് വിജയിച്ച ജില്ലയുമാണ് പത്തനംതിട്ട. അതുകൊണ്ട് തന്നെ പിസി മത്സരിച്ചാല്‍ ജയം ആര്‍ക്കാകുമെന്ന് ഒരുറപ്പുമില്ല. യുഡിഎഫ് സാധ്യതകളെയാകും അത് കൂടുതല്‍ ബാധിക്കുക. അതിനിടെ പിസിയെ മെരുക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപി തിരയുന്നത്. ശബരിമല വിഷയത്തില്‍ പി.സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ബിജെപിയെ പിസിയിലേക്ക് അടുപ്പിക്കുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയാല്‍ ജനപക്ഷവുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും. എന്നാല്‍ കേരളത്തില്‍ അത്ര ശക്തമല്ലാത്ത ബിജെപിയ്ക്കൊപ്പം ചേരാന്‍ പിസി ജോര്‍ജിന് അത്ര താല്പര്യമില്ലെന്നാണ് വിവരം. യുഡിഎഫാണ് കൂടുതല്‍ നല്ലതെന്നാണ് ജനപക്ഷം നേതാക്കളുടെ നിലപാട്.